GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ റെയ്ഡ് ശക്തം; ഒരാഴ്ചക്കിടെ 17,000 ലേറെ നിയമ ലംഘകർ പിടിയിൽ


52,784 പേർ നാടുകടത്താൻ ഡീപോർട്ടേഷൻ സെന്ററുകളിൽ
റിയാദ്- സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 17,000 ലേറെ നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ 9,346 ഇഖാമ നിയമ ലംഘകരും 4,980 നുഴഞ്ഞുകയറ്റക്കാരും 2,788 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 17,114 നിയമ ലംഘകരാണ് പിടിയിലായത്.


ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 600 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 28 ശതമാനം പേർ യെമനികളും 69 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 73 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.
ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 16 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 52,784 നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്. ഇക്കൂട്ടത്തിൽ 48,788 പേർ പുരുഷന്മാരും 3,996 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 42,602 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുന്നു.
2411 പേർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിച്ചു വരികയാണ്. ഒരാഴ്ചക്കിടെ 9132 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!