റിയാദ്: സൗദി അറേബ്യയിൽ ഗവേഷണ വികസന (Research and Development – R&D) മേഖലയിലെ ചെലവിൽ ശ്രദ്ധേയമായ വർധന. 2025ൽ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുക മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധിച്ച് ഏകദേശം 3,451 കോടി സൗദി റിയാലിലെത്തി.
സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തിറക്കിയ 2025ലെ ഗവേഷണ വികസന സ്ഥിതിവിവരക്കണക്കുകളിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഗവേഷണ വികസന മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ 20 ശതമാനം വർധന രേഖപ്പെടുത്തി. 2025ൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 67,691 ആയി ഉയർന്നു. ഗവേഷകരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധിച്ച് 49,383 ആയി.
ഗവേഷണ വികസനത്തിനായുള്ള ചെലവിൽ ബിസിനസ് മേഖലയാണ് ഒന്നാം സ്ഥാനത്ത്. മൊത്തം ചെലവിന്റെ 44.8 ശതമാനമായ 1,547 കോടി റിയാലാണ് സ്വകാര്യ ബിസിനസ് മേഖല ചെലവഴിച്ചത്.
സർക്കാർ മേഖല 37.5 ശതമാനമായ 1,295 കോടി റിയാലും ഉന്നത വിദ്യാഭ്യാസ മേഖല 17.7 ശതമാനമായ 610 കോടി റിയാലും ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു.
അതേസമയം, ഗവേഷണ വികസന മേഖലയ്ക്കുള്ള ധനസഹായത്തിൽ സർക്കാർ മേഖലയാണ് മുന്നിൽ. ആകെ ധനസഹായത്തിന്റെ 47.1 ശതമാനമായ 1,627 കോടി റിയാൽ സർക്കാർ മേഖലയാണ് നൽകിയത്.
ബിസിനസ് മേഖല 44.6 ശതമാനമായ 1,540 കോടി റിയാലും ഉന്നത വിദ്യാഭ്യാസ മേഖല 8.2 ശതമാനമായ 284 കോടി റിയാലും ധനസഹായമായി നൽകി.
രാജ്യത്തെ ഗവേഷണ വികസന ചെലവിന്റെ 97.9 ശതമാനവും വൻകിട സ്ഥാപനങ്ങളുടേതാണ്. ഏകദേശം 3,379 കോടി റിയാലാണ് ഈ സ്ഥാപനങ്ങൾ ചെലവഴിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ 73 കോടി റിയാൽ ചെലവഴിച്ചു.
2025ൽ സൗദിയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 0.72 ശതമാനമാണ് ഗവേഷണ വികസന മേഖലയിലെ ചെലവ്.
തൊഴിലാളികളുടെ എണ്ണത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയാണ് മുന്നിൽ. ഗവേഷണ വികസന മേഖലയിലെ ആകെ ജീവനക്കാരിൽ 65.7 ശതമാനമായ 44,469 പേരും ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ജോലി ചെയ്യുന്നത്.
ബിസിനസ് മേഖലയിൽ 18,354 പേരും സർക്കാർ മേഖലയിൽ 4,868 പേരുമാണ് ജോലി ചെയ്യുന്നത്.
രാജ്യത്തെ ആകെ ഗവേഷകരിൽ 79.3 ശതമാനമായ 39,141 പേർ ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇവരിൽ 56.1 ശതമാനം പുരുഷന്മാരും 43.9 ശതമാനം സ്ത്രീകളുമാണ്.
ബിസിനസ് മേഖലയിൽ 7,814 ഗവേഷകരും സർക്കാർ മേഖലയിൽ 2,428 ഗവേഷകരുമുണ്ട്.
സാമ്പത്തിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഖനനം, ഉൽപ്പാദനം, വൈദ്യുതി, ജലവിതരണം എന്നീ മേഖലകളാണ് ഗവേഷണ വികസന ചെലവിൽ മുന്നിൽ. ആകെ ചെലവിന്റെ 34.8 ശതമാനമാണ് ഈ മേഖലകളുടെ വിഹിതം.
ധനകാര്യ, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ബിസിനസ് സേവനങ്ങൾ എന്നിവയ്ക്ക് 20 ശതമാനവും സാമൂഹിക, വ്യക്തിഗത സേവനങ്ങൾക്ക് 10.5 ശതമാനവും വിഹിതമുണ്ട്.
രാജ്യത്ത് ഗവേഷണ പ്രവർത്തനങ്ങൾക്കായുള്ള നിക്ഷേപം വർധിക്കുന്നതും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതും സൗദിയുടെ ശാസ്ത്ര, സാങ്കേതിക, നവീകരണ മേഖലകളിലെ വികസനത്തിന് കൂടുതൽ കരുത്തേകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
