റിയാദ്: സൗദി അറേബ്യയിലെ സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ചർച്ച ചെയ്യാൻ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ചൈനയുടെ മിഡിൽ ഈസ്റ്റ് കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി ഷായ് ജുനുമായി കൂടിക്കാഴ്ച നടത്തി.
റിയാദിലെ സൗദി വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ സൗദി–ചൈന ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും ഇരുവരും അവലോകനം ചെയ്തു.
സൗദിയിലെ സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളും ഇരുനേതാക്കളും വിലയിരുത്തി.
ഊർജ സുരക്ഷ ശക്തിപ്പെടുത്തുക, ആഗോള ഊർജ വിപണികളിലെ സ്ഥിരത നിലനിർത്തുക, പ്രധാന സമുദ്ര വ്യാപാരപാതകളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയുടെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലൂടെയും ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയും കപ്പലുകളുടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ സഞ്ചാരം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഇരുവരും വ്യക്തമാക്കി.
ആഗോള വ്യാപാരവും ചരക്കുവിതരണ ശൃംഖലകളും തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിനായി സമുദ്ര ഗതാഗതത്തിന്റെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.
സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറിയായ ഡോ. സൗദ് അൽ സാത്തിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
