റിയാദ്: സൗദി അറേബ്യയിൽ 2026 മൂന്നാം പാദത്തിന്റെ അവസാനത്തോടെ ഉൽപ്പാദന മേഖലയിലെ സജീവ വാണിജ്യ രജിസ്ട്രേഷനുകളിൽ 18 ശതമാനവും ഖനന, ക്വാറി മേഖലകളിൽ 13 ശതമാനവും വർധന രേഖപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഉൽപ്പാദന മേഖലയിലെ സജീവ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 2025ലെ സമാന കാലയളവിലെ 2,15,697ൽ നിന്ന് 2,55,188 ആയി ഉയർന്നു. ഖനന, ക്വാറി മേഖലകളിലെ രജിസ്ട്രേഷനുകൾ 11,263ൽ നിന്ന് 12,831 ആയും വർധിച്ചു.
സോളാർ പാനലുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണ മേഖലയിലും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. ഈ മേഖലയിലെ വാണിജ്യ രജിസ്ട്രേഷനുകൾ 33 ശതമാനം വർധിച്ച് 1,270ൽ നിന്ന് 1,700 ആയി ഉയർന്നു.
വാഹന എൻജിനുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണ, അസംബ്ലിങ് മേഖലയിലാണ് കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. ഈ മേഖലയിലെ രജിസ്ട്രേഷനുകൾ 45 ശതമാനം വർധിച്ച് 832ൽ നിന്ന് 1,207 ആയി.
സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രകൃതിവിഭവങ്ങളുടെ പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതികളാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് പുതിയ ബിസിനസ്, നിക്ഷേപ അവസരങ്ങൾ വർധിക്കുന്നതിന്റെയും സാമ്പത്തിക വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെയും സൂചനയാണ് ഈ കണക്കുകൾ. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള പിന്തുണയും ദേശീയ വ്യവസായങ്ങളുടെ വികസനത്തിൽ സ്വകാര്യ മേഖലയുടെ വർധിച്ചുവരുന്ന പങ്കാളിത്തവും സൗദിയുടെ സാമ്പത്തിക മത്സരക്ഷമത ശക്തിപ്പെടുത്തുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
