റിയാദ്: സൗദി അറേബ്യയിലെ തുറമുഖങ്ങളിൽ ഒക്ടോബർ മാസത്തിൽ കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധന രേഖപ്പെടുത്തിയതായി സൗദി പോർട്ട്സ് അതോറിറ്റി (മവാനി) വക്താവ് അബ്ദുല്ല അൽ മുനീഫ് അറിയിച്ചു.
2026 ഒക്ടോബറിൽ ജിദ്ദ ഇസ്ലാമിക് പോർട്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണ്ടെയ്നർ കൈകാര്യം ചെയ്യൽ നേട്ടം സ്വന്തമാക്കി. ആകെ 5,82,900 ടിഇയു (TEU) കണ്ടെയ്നറുകളാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. ജൂണിൽ രേഖപ്പെടുത്തിയ മുൻ റെക്കോർഡിനെ അപേക്ഷിച്ച് 27.45 ശതമാനത്തിന്റെ വർധനയാണിത്.
ജിദ്ദ ഇസ്ലാമിക് പോർട്ടിന്റെ ഉയർന്ന പ്രവർത്തനക്ഷമതയും വികസിത ലോജിസ്റ്റിക് സൗകര്യങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അൽ മുനീഫ് വ്യക്തമാക്കി. ആഗോള വ്യാപാരരംഗത്തെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും വർധിച്ചുവരുന്ന ചരക്കുനീക്കം കാര്യക്ഷമമായി കൈകാര്യം ചെയ്യാനും തുറമുഖത്തിന് സാധിക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ സൗദിയിലെ വിവിധ തുറമുഖങ്ങളിലായി ഏകദേശം 8,66,200 ടിഇയു കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. 2025 ഒക്ടോബറിൽ ഇത് 7,59,800 ടിഇയു ആയിരുന്നു.
ഇറക്കുമതി കണ്ടെയ്നറുകളുടെ എണ്ണം 8.53 ശതമാനം വർധിച്ച് 3,05,600 ടിഇയുവിലെത്തി. കയറ്റുമതി കണ്ടെയ്നറുകൾ 4.83 ശതമാനം വർധിച്ച് 2,82,900 ടിഇയുവായി. അതേസമയം, ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ 10.54 ശതമാനം കുറഞ്ഞ് 1,86,400 ടിഇയുവിലെത്തി. ട്രാൻസിറ്റ് കണ്ടെയ്നറുകൾ 91,300 ടിഇയു രേഖപ്പെടുത്തി.
കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ വർധനയുണ്ടായെങ്കിലും തുറമുഖങ്ങളിലൂടെ നീക്കിയ മൊത്തം ചരക്കുകളുടെ അളവിൽ 11.7 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ 2.53 കോടി ടൺ ചരക്ക് കൈകാര്യം ചെയ്ത സ്ഥാനത്ത് ഇത്തവണ 2.24 കോടി ടണ്ണാണ് രേഖപ്പെടുത്തിയത്.
തുറമുഖങ്ങളിലെത്തിയ കപ്പലുകളുടെ എണ്ണത്തിലും 9.62 ശതമാനം കുറവുണ്ടായി. യാത്രക്കാരുടെ എണ്ണം 8.96 ശതമാനം കുറഞ്ഞ് ഏകദേശം 87,600 ആയി. വാഹനങ്ങളുടെ കൈകാര്യം ചെയ്യൽ 41.46 ശതമാനം കുറഞ്ഞ് 65,500 എണ്ണത്തിലെത്തി.
അതേസമയം, തുറമുഖങ്ങൾ വഴി രാജ്യത്തെത്തിയ കന്നുകാലികളുടെ എണ്ണത്തിൽ 30.98 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ 5,53,600 കന്നുകാലികളാണ് എത്തിയതെങ്കിൽ ഇത്തവണ ഇത് 7,25,100 ആയി ഉയർന്നു.
ആഗോള വ്യാപാരത്തിലും ചരക്കുനീക്കത്തിലും സൗദി തുറമുഖങ്ങളുടെ പ്രാധാന്യം വർധിക്കുന്നതിന്റെ സൂചനയായാണ് കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിലെ നേട്ടം വിലയിരുത്തപ്പെടുന്നത്.
