റിയാദ്: സൗദി അറേബ്യയിൽ പുതുതായി എത്തുന്ന ഗാർഹിക തൊഴിലാളികളുടെ മെഡിക്കൽ പരിശോധനയ്ക്കായി ഓൺലൈനിലൂടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള പുതിയ സേവനം മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു.
തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായുള്ള മുസാനിദ് പ്ലാറ്റ്ഫോമിനെയും സെഹ്ഹത്തി ആപ്ലിക്കേഷനെയും ബന്ധിപ്പിച്ചാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
പുതിയ സേവനത്തിലൂടെ ഗാർഹിക തൊഴിലാളികൾ സൗദിയിലെത്തിയാലുടൻ അവരുടെ വിവരങ്ങൾ തൊഴിലുടമകൾക്ക് സെഹ്ഹത്തി ആപ്ലിക്കേഷനിൽ ലഭ്യമാകും. തുടർന്ന് ഏറ്റവും അടുത്തുള്ള അംഗീകൃത ആരോഗ്യ കേന്ദ്രം തിരഞ്ഞെടുത്ത് മെഡിക്കൽ പരിശോധനയ്ക്കുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും.
അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി തൊഴിലുടമകൾ ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ട് എത്തേണ്ടതില്ല. ഇതിലൂടെ സമയവും അധ്വാനവും ലാഭിക്കുന്നതിനൊപ്പം കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും.
ഗാർഹിക തൊഴിലാളികൾക്ക് താമസാനുമതി രേഖയായ ഇഖാമ അനുവദിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.
തൊഴിലാളികളുടെ സ്വന്തം രാജ്യത്തുനിന്നുള്ള റിക്രൂട്ട്മെന്റ് നടപടികൾ മുതൽ സൗദിയിൽ ഇഖാമ അനുവദിക്കുന്നതുവരെയുള്ള സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും തൊഴിലുടമകൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
