മക്ക: സൗദി അറേബ്യയിലെ മക്കയിലും മദീനയിലുമുള്ള ഇസ്ലാമിക പുണ്യസ്ഥലങ്ങളെയും രാജ്യത്തെ ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് ഹൂത്തി സായുധസംഘം നടത്തുന്ന തുടർച്ചയായ ആക്രമണശ്രമങ്ങളെ മുസ്ലിം വേൾഡ് ലീഗ് (MWL) ശക്തമായി അപലപിച്ചു.
മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറിയും ഓർഗനൈസേഷൻ ഓഫ് മുസ്ലിം സ്കോളേഴ്സ് ചെയർമാനുമായ ശൈഖ് ഡോ. മുഹമ്മദ് അൽ ഈസയാണ് സംഘടനയുടെ ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആക്രമണശ്രമങ്ങളെ അപലപിച്ചത്.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂത്തികൾ നടത്തിയ ആക്രമണശ്രമങ്ങൾ സൗദി വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പ്രസ്താവനയിൽ വ്യക്തമാക്കി. പുണ്യസ്ഥലങ്ങളുടെ വിശുദ്ധിക്കും നിരപരാധികളുടെ ജീവനും നേരെയുള്ള ഗുരുതരമായ ലംഘനങ്ങളാണ് ഇത്തരം നടപടികളെന്ന് അൽ ഈസ പറഞ്ഞു.
ലോകമെമ്പാടുമുള്ള 200 കോടിയിലധികം മുസ്ലിംകളുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഇത്തരം ആക്രമണങ്ങൾ ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹൂത്തികളുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ മതപരവും മാനുഷികവുമായ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘അൻസാറുല്ലാഹ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ നടപടികൾ മതത്തോടും മുസ്ലിം സമൂഹത്തോടുമുള്ള വഞ്ചനയാണെന്നും ദൈവത്തിന്റെയും പ്രവാചകന്റെയും മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും അൽ ഈസ പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണകാരികളെ പ്രതിരോധിക്കുന്നതിനും പുണ്യസ്ഥലങ്ങളുടെയും നിരപരാധികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും മുസ്ലിം വേൾഡ് ലീഗിന്റെ പൂർണ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും തുടർന്നും നിലനിൽക്കട്ടെയെന്നും രാജ്യത്തിന്റെ ഭരണാധികാരികളെയും ജനങ്ങളെയും ദൈവം സംരക്ഷിക്കട്ടെയെന്നും പ്രാർഥിച്ചുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചത്.
