റിയാദ്: സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) 2025ൽ വൻ വർധന. 2024നെ അപേക്ഷിച്ച് 33.5 ശതമാനം വർധന രേഖപ്പെടുത്തിയ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ഏകദേശം 15,900 കോടി റിയാലിലെത്തി. സൗദി വിഷൻ 2030 പദ്ധതിയുടെ ലക്ഷ്യങ്ങളിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റവും വിദേശ നിക്ഷേപകർക്കിടയിൽ സൗദിയുടെ വർധിച്ചുവരുന്ന സ്വീകാര്യതയുമാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
2025 അവസാനത്തോടെ സൗദിയിലെ ആകെ വിദേശ നിക്ഷേപ ശേഖരം 8.3 ശതമാനം വർധിച്ച് 1.059 ട്രില്യൺ റിയാലിലെത്തി. ഇതോടെ വിദേശ നിക്ഷേപ ശേഖരം ഒരു ട്രില്യൺ റിയാൽ എന്ന നാഴികക്കല്ല് പിന്നിട്ടു.
2017ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സൗദിയിലേക്കുള്ള വാർഷിക വിദേശ നിക്ഷേപ ഒഴുക്ക് അഞ്ചിരട്ടിയിലധികം വർധിച്ചിട്ടുണ്ട്. അതേസമയം, ആകെ വിദേശ നിക്ഷേപ ശേഖരം ഇരട്ടിയായി. വിദേശ നിക്ഷേപ ഒഴുക്കിന്റെ സംയുക്ത വാർഷിക വളർച്ചാനിരക്ക് 24 ശതമാനവും നിക്ഷേപ ശേഖരത്തിന്റേത് 10 ശതമാനവുമാണ്.
സൗദി വിഷൻ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളും നിക്ഷേപ സൗഹൃദ നയങ്ങളുമാണ് ഈ വളർച്ചയ്ക്ക് കരുത്തേകുന്നത്. നിക്ഷേപ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുന്നതിനും സഹായിക്കുന്നുണ്ട്.
വിഷൻ 2030ന്റെ പ്രധാന പദ്ധതികളിലൊന്നായ ദേശീയ പരിവർത്തന പരിപാടി (NTP) 34 തന്ത്രപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് പ്രവർത്തിക്കുന്നത്. വിഷൻ 2030ന്റെ ആകെ ലക്ഷ്യങ്ങളുടെ ഏകദേശം 35 ശതമാനമാണിത്.
ഏഴ് മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ 50ലധികം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ 310ലധികം പദ്ധതികളാണ് പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഇവയുടെ പുരോഗതി വിലയിരുത്താൻ 78 ആഭ്യന്തര, അന്താരാഷ്ട്ര സൂചികകളും ഉപയോഗിക്കുന്നുണ്ട്.
സാമ്പത്തിക, നിയമ, ഘടനാപരമായ പരിഷ്കാരങ്ങൾ സൗദിയെ ആഗോള നിക്ഷേപകരുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
