അൾജിയേഴ്സ്: അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമജീദ് തെബ്ബൂനുമായി സൗദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച അൾജിയേഴ്സിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
2026ലെ അൾജിയേഴ്സ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്നതിനായാണ് സൗദി മന്ത്രി അൾജീരിയയിലെത്തിയത്. ഇത്തവണത്തെ പുസ്തകമേളയിൽ സൗദി അറേബ്യയാണ് വിശിഷ്ടാതിഥി രാജ്യം.
കൂടിക്കാഴ്ചയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ മന്ത്രി അൾജീരിയൻ പ്രസിഡന്റിന് കൈമാറി. അൾജീരിയയുടെയും സൗദി അറേബ്യയുടെയും ദീർഘകാല സൗഹൃദബന്ധവും സാംസ്കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി.
പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളിൽ സാംസ്കാരിക വിഷയങ്ങളിൽ ഇരുരാജ്യങ്ങളും നിലപാടുകൾ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു.
തുടർന്ന് അൾജീരിയൻ സാംസ്കാരിക കലാമന്ത്രി ഡോ. മലിക ബെൻദൂദയുടെ സാന്നിധ്യത്തിൽ പ്രിൻസ് ബദർ പുസ്തകമേളയിലെ സൗദി പവലിയൻ സന്ദർശിച്ചു.
നവംബർ ഏഴുവരെ നടക്കുന്ന പുസ്തകമേളയിൽ സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ചരിത്രം, സാഹിത്യ സംഭാവനകൾ എന്നിവ പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമ്മീഷൻ, കിങ് സൽമാൻ ഗ്ലോബൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജ്, കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി, കിങ് ഫഹദ് നാഷണൽ ലൈബ്രറി തുടങ്ങി നിരവധി സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
സൗദി വിഷൻ 2030ന്റെ ഭാഗമായി സാംസ്കാരിക മേഖലയ്ക്ക് നൽകുന്ന പ്രാധാന്യവും രാജ്യാന്തര സാംസ്കാരിക ബന്ധങ്ങൾ വിപുലീകരിക്കാനുള്ള സൗദിയുടെ ശ്രമങ്ങളും വ്യക്തമാക്കുന്നതാണ് പുസ്തകമേളയിലെ പങ്കാളിത്തം.
