ദഹ്റാൻ: സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ 2026ലെ മൂന്നാം പാദത്തിലെ ക്രമീകരിച്ച അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധിച്ച് 11,700 കോടി റിയാലിലെത്തി. 2025ലെ ഇതേ കാലയളവിൽ 10,720 കോടി റിയാലായിരുന്നു ലാഭം.
ചൊവ്വാഴ്ച പുറത്തുവിട്ട സാമ്പത്തിക റിപ്പോർട്ട് പ്രകാരം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പണമൊഴുക്ക് 13,540 കോടി റിയാലിൽ നിന്ന് 14,520 കോടി റിയാലായി ഉയർന്നു. ഫ്രീ ക്യാഷ് ഫ്ലോ 8,840 കോടി റിയാലിൽ നിന്ന് 10,580 കോടി റിയാലായും വർധിച്ചു.
കമ്പനിയുടെ കടബാധ്യതാ അനുപാതം ജൂൺ അവസാനത്തിലെ 6.2 ശതമാനത്തിൽ നിന്ന് സെപ്റ്റംബർ 30ന് 5.5 ശതമാനമായി കുറഞ്ഞു.
മൂന്നാം പാദത്തിൽ ഓഹരി ഉടമകൾക്ക് 8,210 കോടി റിയാലിന്റെ അടിസ്ഥാന ലാഭവിഹിതം വിതരണം ചെയ്യാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 3.5 ശതമാനം വർധനവാണിത്. നാലാം പാദത്തിൽ ലാഭവിഹിതം വിതരണം ചെയ്യും.
ശുദ്ധീകരണ മേഖലയിൽ ലാഭമാർജിൻ മെച്ചപ്പെട്ടതിനെ തുടർന്ന് കമ്പനിയുടെ ഡൗൺസ്ട്രീം വിഭാഗത്തിലെ പലിശ, നികുതി, സകാത്ത് എന്നിവയ്ക്ക് മുമ്പുള്ള ക്രമീകരിച്ച വരുമാനം 234 ശതമാനം വർധിച്ചു.
അതേസമയം, സുലുഫ് ക്രൂഡ് ഓയിൽ വികസന പദ്ധതിയിൽ ഉൽപാദനം ആരംഭിച്ചതായി അരാംകോ അറിയിച്ചു. ജഫൂറ രണ്ടാം ഘട്ടം, ഫാദിലി ഗ്യാസ് പ്ലാന്റ് വിപുലീകരണം, ദമ്മാം എണ്ണപ്പാട വികസനം തുടങ്ങിയ പ്രധാന പദ്ധതികൾ നിശ്ചയിച്ച സമയക്രമത്തിൽ പുരോഗമിക്കുകയാണ്.
കയറ്റുമതി പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിദേശ രാജ്യങ്ങളിൽ അധിക സംഭരണ സൗകര്യങ്ങളും ബദൽ കയറ്റുമതി മാർഗങ്ങളും കമ്പനി പരിഗണിക്കുന്നുണ്ട്.
നിർമിതബുദ്ധി മേഖലയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹ്യൂമൈൻ (HUMAIN) കമ്പനിയുടെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നതായും അരാംകോ പ്രഖ്യാപിച്ചു. ഏകദേശം 990 കോടി റിയാൽ മൂല്യമുള്ള ആസ്തി കൈമാറ്റവും പണ നിക്ഷേപവും ഉൾപ്പെടുന്നതാണ് ഇടപാട്.
ധാതു പര്യവേക്ഷണത്തിനും ഖനന പ്രവർത്തനങ്ങൾക്കുമായി സംയുക്ത സംരംഭം ആരംഭിക്കുന്നതിനുള്ള ഓഹരി ഉടമകളുടെ കരാറിലും കമ്പനി ഒപ്പുവച്ചു.
മേഖലയിലെ വെല്ലുവിളികൾക്കിടയിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഊർജവിതരണം ഉറപ്പാക്കാൻ കഴിഞ്ഞതായി അരാംകോ പ്രസിഡന്റും സിഇഒയുമായ അമീൻ എച്ച്. നാസർ പറഞ്ഞു.
നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിപ്പിച്ചും പ്രധാന വികസന പദ്ധതികൾ നടപ്പാക്കിയും ആഗോള ഊർജ ആവശ്യകത നിറവേറ്റുന്നതിനൊപ്പം ഓഹരി ഉടമകൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ മൂല്യം നൽകുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
