ജിദ്ദ: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച ഇടിമിന്നലോടുകൂടിയ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. അൽ ജൗഫ്, മക്ക, വടക്കൻ അതിർത്തി മേഖല, അസീർ എന്നിവിടങ്ങളിലാണ് കാലാവസ്ഥാ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ശക്തമായ കാറ്റ്, ആലിപ്പഴവർഷം, ഇടിമിന്നൽ, മലവെള്ളപ്പാച്ചിൽ, കാഴ്ചപരിധി ഏതാണ്ട് പൂജ്യത്തിലേക്ക് താഴുന്ന സാഹചര്യം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
അൽ ജൗഫിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെയും മക്കയിലും അസീറിലും ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി എട്ട് വരെയും വടക്കൻ അതിർത്തി മേഖലയിൽ വൈകിട്ട് നാല് മുതൽ രാത്രി 11 വരെയുമാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്.
