റിയാദ്: ഇന്ത്യ, ചൈന, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പേപ്പർ ഇറക്കുമതിക്കെതിരെ ഡംപിങ് വിരുദ്ധ അന്വേഷണം ആരംഭിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) തീരുമാനിച്ചു.
എഴുത്ത്, അച്ചടി, ഗ്രാഫിക് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കോട്ടിങ് ഇല്ലാത്ത പേപ്പറുകളുടെ ഇറക്കുമതിയാണ് അന്വേഷണ പരിധിയിൽ വരുന്നത്. റോളുകളായും ചതുരാകൃതിയിലുള്ള ഷീറ്റുകളായും ഇറക്കുമതി ചെയ്യുന്ന പേപ്പറുകളും ഇതിൽ ഉൾപ്പെടും.
ജിസിസി ജനറൽ സെക്രട്ടേറിയറ്റിന് കീഴിലുള്ള അന്താരാഷ്ട്ര വ്യാപാരത്തിലെ ഹാനികരമായ നടപടികൾക്കെതിരായ സാങ്കേതിക സെക്രട്ടേറിയറ്റ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം സമിതി അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചത്.
അന്വേഷണവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടുത്തിയ ഔദ്യോഗിക വിജ്ഞാപനം 2026 നവംബർ രണ്ടിന് പുറത്തിറങ്ങിയ സാങ്കേതിക സെക്രട്ടേറിയറ്റിന്റെ 59-ാം നമ്പർ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിസിസി ജനറൽ സെക്രട്ടേറിയറ്റിന്റെ വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
ജിസിസിയുടെ ഏകീകൃത ഡംപിങ് വിരുദ്ധ നിയമം, അനുബന്ധ ചട്ടങ്ങൾ, ലോക വ്യാപാര സംഘടനയുടെ ഡംപിങ് വിരുദ്ധ കരാർ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സാങ്കേതിക സെക്രട്ടേറിയറ്റ് ഡയറക്ടർ ജനറൽ മഹ്ഫൂദ് അൽ റഖാദി വ്യക്തമാക്കി.
അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ബന്ധപ്പെട്ട കക്ഷികൾക്ക് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും വിശദീകരണങ്ങൾ സമർപ്പിക്കാനും അവസരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡംപിങ് നടന്നിട്ടുണ്ടോയെന്നും അത് ജിസിസി വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്നും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
