റിയാദ്: സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ഫ്രാൻസ് പ്രതിരോധ മന്ത്രി കാതറിൻ വോട്രിൻ, ഗ്രീസ് പ്രതിരോധ മന്ത്രി നിക്കോസ് ഡെൻഡിയാസ് എന്നിവരുമായി തിങ്കളാഴ്ച ടെലിഫോൺ ചർച്ച നടത്തി.
ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായുള്ള സംഭാഷണത്തിൽ സൗദി–ഫ്രാൻസ് തന്ത്രപ്രധാന പ്രതിരോധ ബന്ധങ്ങളും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും വിലയിരുത്തി. പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും ചർച്ചയായി.
ഗ്രീസ് പ്രതിരോധ മന്ത്രിയുമായുള്ള സംഭാഷണത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ളതും ഭാവിയിലേക്കുള്ളതുമായ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ വിലയിരുത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങളും ചർച്ച ചെയ്തു.
