അറ്റ്ലാന്റ: ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ റഷ്യ, കാനഡ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂണിയന്റെ വിദേശനയ മേധാവിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.
റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി നടത്തിയ ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും വിലയിരുത്തി. യെമനിലെ സംഘർഷം രൂക്ഷമാകുന്നതും ഹോർമുസ്, ബാബുൽ മന്ദബ് കടലിടുക്കുകളിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരിടുന്ന ഭീഷണികളും ചർച്ചയായി. പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ഇരുവരും വിലയിരുത്തി.
കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക സാഹചര്യങ്ങളും ചർച്ച ചെയ്തു. സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ ഇരുപക്ഷവും അപലപിക്കുകയും മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു.
യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ-സുരക്ഷാ നയ മേധാവിയും യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റുമായ കായ കല്ലാസുമായും ഫൈസൽ ബിൻ ഫർഹാൻ കൂടിക്കാഴ്ച നടത്തി. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
