റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ അബ്ഷിർ വഴി 2026 സെപ്റ്റംബറിൽ 48.9 ദശലക്ഷത്തിലേറെ ഇലക്ട്രോണിക് ഇടപാടുകൾ നടത്തി. പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അബ്ഷിറിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് കണക്കുകൾ.
അബ്ഷിർ വ്യക്തിഗത പ്ലാറ്റ്ഫോം വഴി 4.63 കോടിയിലേറെ ഇടപാടുകളും ബിസിനസ് പ്ലാറ്റ്ഫോം വഴി 26 ലക്ഷത്തിലേറെ ഇടപാടുകളും നടന്നു. ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റിലൂടെയുള്ള രേഖകൾ കാണുന്നതിനുള്ള സേവനമാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. 3.75 കോടിയിലേറെ ഇടപാടുകളാണ് ഈ സേവനത്തിൽ രേഖപ്പെടുത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളിൽ പൊതുസുരക്ഷാ ഡയറക്ടറേറ്റ് വഴി 34.71 ലക്ഷം ഇടപാടുകൾ നടന്നു. ഇതിൽ 33.39 ലക്ഷം ഇടപാടുകളും ട്രാഫിക് ഡയറക്ടറേറ്റ് വഴിയായിരുന്നു. പാസ്പോർട്ട് വിഭാഗം 21.11 ലക്ഷം ഇടപാടുകളും സിവിൽ അഫയേഴ്സ് വിഭാഗം 5.70 ലക്ഷം ഇടപാടുകളും കൈകാര്യം ചെയ്തു.
അബ്ഷിർ വ്യക്തിഗത പ്ലാറ്റ്ഫോമിലെ റിപ്പോർട്ട് സേവനം വഴി 1,25,580 റിപ്പോർട്ടുകളും വിരലടയാളവുമായി ബന്ധപ്പെട്ട 1,799 അന്വേഷണങ്ങളും രേഖപ്പെടുത്തി.
അബ്ഷിർ വഴി ലഭിക്കുന്ന ഏകീകൃത ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളിലെയും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെയും സേവനങ്ങൾ നഫാദ് (Nafath) ഏകീകൃത പ്രവേശന സംവിധാനത്തിലൂടെയും പ്രയോജനപ്പെടുത്താം.
