റിയാദ്: ബ്രേക്ക് സംവിധാനത്തിലെ തകരാറിനെ തുടർന്ന് സൗദിയിൽ 6,388 മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ്, എസ്-ക്ലാസ് മെയ്ബാക് കാറുകൾ തിരിച്ചുവിളിച്ചു. 2020 മുതൽ 2025 വരെയുള്ള മോഡൽ വർഷങ്ങളിലെ വാഹനങ്ങളാണ് വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചത്.
മുൻവശത്തെ ആക്സിലിലെ ബ്രേക്ക് ഹോസുകളിലുണ്ടാകാവുന്ന തകരാറാണ് കാരണം. കാലക്രമേണ ഇവയിൽനിന്ന് ബ്രേക്ക് ഫ്ലൂയിഡ് ചോർന്നേക്കാം. ഇത് ബ്രേക്കിന്റെ കാര്യക്ഷമത കുറയ്ക്കുകയും വാഹനം നിർത്താൻ കൂടുതൽ ദൂരം ആവശ്യമായി വരികയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും.
തങ്ങളുടെ വാഹനങ്ങൾ തിരിച്ചുവിളിക്കൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉടമകൾ Recalls.sa വഴി വാഹന തിരിച്ചറിയൽ നമ്പർ (VIN) നൽകി പരിശോധിക്കണം.
ബാധിത വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്താൻ ഇബ്രാഹിം അൽ ജുഫാലി ഓട്ടോമോട്ടീവ് കമ്പനിയുമായി 8002443000 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.
