റിയാദ്: സൗദിയിലെ ഈ വർഷത്തെ വിന്റർ ആഘോഷങ്ങളുടെ പരിപാടി കലണ്ടർ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പുറത്തിറക്കി. ‘നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ സൗദി വിന്റർ’ എന്ന പ്രമേയത്തിൽ രാജ്യത്തെ ഒൻപത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പരിപാടികൾ നടക്കുക.
റിയാദ്, അൽഉല, അൽഖസീം, ഹാഇൽ, ജിദ്ദ, അൽഖോബാർ, അൽഅഹ്സ, മദീന, റെഡ് സീ മേഖല എന്നിവിടങ്ങളിലാണ് ആഘോഷങ്ങൾ.
വിനോദ പരിപാടികൾ, ഉത്സവങ്ങൾ, കായിക മത്സരങ്ങൾ, സംഗീത-കലാപരിപാടികൾ, സാംസ്കാരിക-പൈതൃക അനുഭവങ്ങൾ, മരുഭൂമി സാഹസിക യാത്രകൾ, പ്രകൃതിസന്ദർശനം, റിസോർട്ട് താമസം തുടങ്ങി വിവിധ പരിപാടികൾ കലണ്ടറിലുണ്ട്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും താൽപര്യത്തിനനുസരിച്ച് യാത്രകളും വിനോദങ്ങളും ആസൂത്രണം ചെയ്യാം.
ഈ വർഷത്തെ സൗദി വിന്റർ പദ്ധതിയുടെ ഭാഗമായി 1,800-ലധികം ടൂറിസം ഉൽപന്നങ്ങളും നിരവധി പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി നൂറിലധികം പങ്കാളികൾ പദ്ധതിയുടെ ആസൂത്രണത്തിൽ പങ്കുചേർന്നു.
പരിപാടികളുടെ പൂർണ വിവരങ്ങൾ ടൂറിസം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
