റിയാദ്: സൗദി അറേബ്യയിൽ സാധുവായ ഖനന ലൈസൻസുകളുടെ എണ്ണം 2025ൽ 2,925 ആയി ഉയർന്നു. 2024നെ അപേക്ഷിച്ച് 524 ലൈസൻസുകളുടെ വർധനവാണിത്. രാജ്യത്ത് ഇതുവരെ കണ്ടെത്തിയ ധാതു നിക്ഷേപ കേന്ദ്രങ്ങളുടെ എണ്ണം 5,680 ആയതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്റ്റാറ്റ്) അറിയിച്ചു.
2025ലെ ധാതുവിഭവ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രകാരം 2024ൽ 2,401 ആയിരുന്ന ഖനന ലൈസൻസുകളുടെ എണ്ണം ഒരു വർഷത്തിനിടെ വർധിച്ചു. 2021നെ അപേക്ഷിച്ച് 48.70 ശതമാനമാണ് ആകെ വളർച്ച.
ഖനന ലൈസൻസുകളിൽ ഏറ്റവും കൂടുതൽ റിയാദ് മേഖലയിലാണ്; 31.56 ശതമാനം. കിഴക്കൻ പ്രവിശ്യയിൽ 15.62 ശതമാനവും മക്കയിൽ 11.73 ശതമാനവുമുണ്ട്. ഈ മൂന്ന് മേഖലകളിലായാണ് രാജ്യത്തെ ആകെ ഖനന ലൈസൻസുകളുടെ 58.91 ശതമാനവും.
കണ്ടെത്തിയ ധാതു നിക്ഷേപ കേന്ദ്രങ്ങളുടെ എണ്ണം 2024ലെ 5,651ൽനിന്ന് 2025ൽ 5,680 ആയി ഉയർന്നു. ഇതിൽ 53.98 ശതമാനം ലോഹരഹിത ധാതുക്കളും 43.03 ശതമാനം ലോഹധാതുക്കളും അടങ്ങിയ കേന്ദ്രങ്ങളാണ്. രണ്ടുതരം ധാതുക്കളും അടങ്ങിയവ 2.99 ശതമാനമാണ്.
2025ൽ സൗദിയുടെ സ്വർണശേഖരം ഏകദേശം 1.668 കോടി ഔൺസും സിങ്ക് ശേഖരം 18.5 ലക്ഷം ടണ്ണും ചെമ്പ് ശേഖരം 7.2 ലക്ഷം ടണ്ണുമാണ്.
വളം കയറ്റുമതിയിൽ മുന്നേറ്റം
2025ൽ സൗദി 64.49 ലക്ഷം ടൺ വളം കയറ്റുമതി ചെയ്തു. ഇറക്കുമതി 1.58 ലക്ഷം ടണ്ണായിരുന്നു. ഇതിൽ 46.63 ലക്ഷം ടൺ ഡൈഅമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വളമാണ്. ഇറക്കുമതിയിൽ 1.05 ലക്ഷം ടണ്ണുമായി പൊട്ടാഷ് വളങ്ങൾ മുന്നിലെത്തി.
വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി 348 ടണ്ണും കയറ്റുമതി 23 ടണ്ണുമായിരുന്നു. ഇറക്കുമതിയിൽ 131 ടണ്ണുമായി പ്ലാറ്റിനമാണ് മുന്നിൽ. വെള്ളി 123 ടണ്ണും സ്വർണം 94 ടണ്ണും ഇറക്കുമതി ചെയ്തു. അതേസമയം, സ്വർണ കയറ്റുമതി 20 ടണ്ണും വെള്ളിയുടേത് മൂന്ന് ടണ്ണുമായിരുന്നു.
ധാതുക്കളുടെയും അവയുടെ ഉൽപന്നങ്ങളുടെയും ആകെ കയറ്റുമതിയും ഇറക്കുമതിയും 2025ൽ ഏകദേശം 5.2 കോടി ടണ്ണിലെത്തി. ഇതിൽ 3 കോടി ടൺ ഇറക്കുമതിയും 2.2 കോടി ടൺ കയറ്റുമതിയുമാണ്. ആകെ ഇടപാടുകളിൽ ഇറക്കുമതിയുടെ പങ്ക് 57.62 ശതമാനവും കയറ്റുമതിയുടേത് 42.38 ശതമാനവുമാണ്.
ഗാസ്റ്റാറ്റ്, വ്യവസായ-ധാതുവിഭവ മന്ത്രാലയം, സൗദി ജിയോളജിക്കൽ സർവേ എന്നിവയിൽനിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തെ കണക്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
