ജിദ്ദ: സൗദി അറേബ്യയിലെ മദീന, അൽജൗഫ്, നോർത്തേൺ ബോർഡേഴ്സ്, അസീർ, മക്ക മേഖലകളുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച റെഡ്, ഓറഞ്ച് കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിമിന്നലോടു കൂടിയ മിതമായതും ശക്തവുമായ മഴ തുടരുന്നതിനിടെയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ്.
മദീന മേഖലയിൽ രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെ ശക്തമായ മഴയ്ക്കുള്ള റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റ്, കാഴ്ചപരിധി പൂർണമായി കുറയുക, ആലിപ്പഴ വർഷം, മിന്നൽപ്രളയം, ഉയർന്ന തിരമാലകൾ എന്നിവയ്ക്കും സാധ്യതയുണ്ട്.
അൽജൗഫ്, നോർത്തേൺ ബോർഡേഴ്സ് മേഖലകളിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ മിതമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് തുടരും. അസീറിൽ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെയും മക്കയുടെ വിവിധ ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെയും മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റ്, കാഴ്ചപരിധി തീരെ കുറയുക, ആലിപ്പഴ വർഷം, മിന്നൽപ്രളയം, ഇടിമിന്നൽ എന്നിവയാണ് ഓറഞ്ച് അലർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മക്കയിലെ ബാധിത പ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
ജസാൻ, അസീർ, അൽബാഹ, മക്ക, മദീന, ഹായിൽ, തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോർഡേഴ്സ് എന്നിവിടങ്ങളിൽ മിന്നൽപ്രളയത്തിന് കാരണമാകാവുന്ന ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. അൽഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ചില മേഖലകളിൽ മൂടൽമഞ്ഞും രൂപപ്പെട്ടേക്കാം.
താപനിലയും ഈർപ്പവും
ബുധനാഴ്ച മക്കയിൽ 38 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില പ്രവചിക്കുന്നത്. ബുറൈദയിൽ 37 ഡിഗ്രിയും റിയാദ്, മദീന, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ 36 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നത്. ജസാൻ 35, സകാക്ക 32, ഹായിൽ, അറാർ, നജ്റാൻ 31, തബൂക്ക് 30, അൽബാഹ 23, അബഹ 22 ഡിഗ്രി എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ താപനില പ്രവചനം.
അബഹ, തബൂക്ക്, അൽബാഹ എന്നിവിടങ്ങളിൽ അന്തരീക്ഷ ഈർപ്പം 90 ശതമാനത്തിലെത്തും. ദമ്മാമിൽ 85 ശതമാനവും മക്ക, ജിദ്ദ, അറാർ, സകാക്ക, ജസാൻ എന്നിവിടങ്ങളിൽ 80 ശതമാനവുമാണ് ഈർപ്പം പ്രതീക്ഷിക്കുന്നത്.
