റിയാദ്: സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരെ നിതാഖാത്ത് സൗദിവൽക്കരണ പദ്ധതിയിൽ പൂർണമായി കണക്കാക്കുന്നതിനുള്ള കുറഞ്ഞ മാസവേതന പരിധി ഉയർത്താൻ സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു.
2027 ഏപ്രിൽ 25 മുതൽ കുറഞ്ഞ വേതന പരിധി 5,000 റിയാലായും 2028 ഏപ്രിൽ 25 മുതൽ 6,000 റിയാലായും ഉയരും. ഒക്ടോബർ 25ന് പ്രഖ്യാപിച്ച തീരുമാനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്.
അതേസമയം, ഈ തീരുമാനം സ്വകാര്യ സ്ഥാപനങ്ങൾ സൗദി ജീവനക്കാരുടെ ശമ്പളം നിർബന്ധമായും വർധിപ്പിക്കണമെന്ന വ്യവസ്ഥയല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദിവൽക്കരണ നിരക്ക് കണക്കാക്കുമ്പോൾ ഒരു സൗദി ജീവനക്കാരനെ പൂർണമായി പരിഗണിക്കുന്നതിനുള്ള കുറഞ്ഞ വേതന പരിധി മാത്രമാണ് ഉയർത്തുന്നത്.
പുതിയ വ്യവസ്ഥകൾക്കനുസരിച്ച് ക്രമീകരണങ്ങൾ നടത്താൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് മതിയായ സമയം ലഭിക്കുന്നതിനാണ് രണ്ട് ഘട്ടങ്ങളിലായി തീരുമാനം നടപ്പാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
