റിയാദ്: സൗദി അറേബ്യയിലെ പുതിയ നിർവഹണ നിയമത്തിനുള്ള ചട്ടങ്ങൾക്ക് നീതിന്യായ മന്ത്രി ഡോ. വലീദ് അൽ സമാനി അംഗീകാരം നൽകി. ഒക്ടോബർ 29 മുതൽ പുതിയ നിയമവും ചട്ടങ്ങളും പ്രാബല്യത്തിൽ വരും.
രാജകീയ ഉത്തരവ് നമ്പർ M/237 പ്രകാരം തയ്യാറാക്കിയ ചട്ടങ്ങൾ ഔദ്യോഗിക ഗസറ്റായ ഉമ്മുൽ ഖുറയിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. ആകെ 54 വകുപ്പുകളാണ് ഇതിലുള്ളത്.
കോടതി വിധികൾ നടപ്പാക്കുന്നതിനും നിയമപ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിനുമുള്ള നടപടികളും സമയപരിധികളും പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അവകാശങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനൊപ്പം പണം നൽകാനുള്ളവരുടെയും വാങ്ങാനുള്ളവരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ജീവനാംശം നൽകൽ, കുട്ടികളുടെ സംരക്ഷണം, കുട്ടികളെ സന്ദർശിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട കോടതി വിധികൾ നടപ്പാക്കുന്നതിനുള്ള നടപടികളും ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബില്ലുകളും പ്രോമിസറി നോട്ടുകളും അംഗീകൃത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിബന്ധനകളും ഇതിലുണ്ട്. ഏത് ഉത്തരവുകൾക്കും തീരുമാനങ്ങൾക്കുമെതിരെ ഔദ്യോഗികമായി പരാതി നൽകാമെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു.
നിർവഹണ നിയമം നടപ്പാക്കുന്നതിനൊപ്പം കേസിൽ ഉൾപ്പെട്ട എല്ലാവരുടെയും അവകാശങ്ങളും ബാധ്യതകളും സംരക്ഷിക്കുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.
