ദമ്മാം: കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ ചികിത്സയ്ക്കിടെ മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കിഴക്കൻ പ്രവിശ്യാ വിഭാഗം സ്ഥിരീകരിച്ചു. ദമ്മാമിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ആശുപത്രിയുടെ ചികിത്സയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് വിശദീകരണം നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തുകയും രോഗിയുടെ ചികിത്സാ രേഖകളും ആശുപത്രി സ്വീകരിച്ച നടപടികളും പരിശോധിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ ആവശ്യമായ ചികിത്സ നൽകിയിരുന്നു. എന്നാൽ പിന്നീട് രോഗി മരിക്കുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
തുടർന്ന് മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളും ഖബറടക്കത്തിനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കുന്നതിനായി മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റി.
മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ആരോഗ്യവകുപ്പ് അനുശോചനം അറിയിച്ചു.
ഒക്ടോബർ 21 ബുധനാഴ്ച വൈകുന്നേരമുണ്ടായ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവള ആക്രമണത്തിൽ രണ്ടുപേർ മരിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
