റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
റിയാദിനും ഖമീസ് മുഷൈത്തിനും നേരെ വന്ന മിസൈലുകളാണ് വെള്ളിയാഴ്ച തടഞ്ഞ് തകർത്തത്. സൗദിയുടെ തെക്കൻ മേഖലയെ ലക്ഷ്യമിട്ട് വ്യാഴാഴ്ച വിക്ഷേപിച്ച രണ്ട് ഡ്രോണുകളും തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
ഹൂതികളുടെ ആരോപണം തള്ളി
യമനിലെ ഗോത്രവിഭാഗങ്ങളുടെയും സിവിലിയൻ കൂട്ടായ്മകളുടെയും നേരെ ആക്രമണം നടത്തുമെന്ന് സൗദി ഭീഷണിപ്പെടുത്തിയെന്ന ഹൂതികളുടെ ആരോപണം അൽ മാലികി നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര പ്രതിസന്ധികളിൽനിന്നും സ്വന്തം നടപടികളിൽനിന്നും ശ്രദ്ധ തിരിക്കാനും യമനിലെ ഗോത്രവിഭാഗങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
യമനിലെ സാമൂഹികവും ചരിത്രപരവുമായ ഘടനയുടെ അവിഭാജ്യ ഘടകമാണ് ഗോത്രവിഭാഗങ്ങളെന്ന് അൽ മാലികി ചൂണ്ടിക്കാട്ടി. സൗദി, യമൻ ജനതകൾക്കിടയിലെ സാഹോദര്യത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന കണ്ണിയാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ മതപരവും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ ആഴത്തിലുള്ള ബന്ധങ്ങളുണ്ടെന്നും തെറ്റായ പ്രചാരണങ്ങളിലൂടെ ഈ ബന്ധങ്ങൾ തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യമന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ഇരു ജനതകളും തമ്മിലുള്ള ചരിത്രപരമായ ബന്ധം സംരക്ഷിക്കുന്നതിനും സൗദി പ്രതിജ്ഞാബദ്ധമാണെന്ന് അൽ മാലികി ആവർത്തിച്ചു. യമൻ ജനതയുടെ സമാധാനത്തിനും വികസനത്തിനുമുള്ള ആഗ്രഹങ്ങളെ തകർക്കുന്ന സംഘർഷങ്ങളിൽ ഗോത്രവിഭാഗങ്ങളെ ഉപയോഗപ്പെടുത്തുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു.
