കുവൈത്ത് സിറ്റി: വിശുദ്ധ തീർത്ഥാടന വേളകളെ വാണിജ്യ പരസ്യങ്ങൾക്കും ആഡംബര പ്രകടനങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി കടുത്ത തീരുമാനങ്ങളുമായി കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം. ഹജ്ജ്, ഉംറ കാര്യ വകുപ്പ് പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം, കുവൈത്ത് ഹജ്ജ് ഗ്രൂപ്പുകൾക്കൊപ്പം എത്തുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, ഉള്ളടക്ക നിർമ്മാതാക്കൾ (Content Creators), മാധ്യമപ്രവർത്തകർ എന്നിവരുടെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പുതിയ ഉത്തരവ് പ്രകാരം, ലൈസൻസുള്ള ഹജ്ജ് ഗ്രൂപ്പുകളുടെ അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ഫീൽഡ് ടീമുകളുടെ ഭാഗമായി പ്രമുഖരെയോ (Celebrities) സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയോ ഉൾപ്പെടുത്തുന്നത് പൂർണ്ണമായും നിരോധിച്ചു. ഹജ്ജ് ഗ്രൂപ്പുകളുടെ ഔദ്യോഗിക മീഡിയ ടീമിൽ അംഗീകാരമുള്ള മാധ്യമപ്രവർത്തകർക്ക് മാത്രമായിരിക്കും പ്രവേശനം, എന്നാൽ ഇവർക്കും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ചുമതലകൾ വഹിക്കാൻ അനുമതിയുണ്ടായിരിക്കില്ല. കൂടാതെ, മക്ക, മദീന, വിശുദ്ധ സ്ഥലങ്ങൾ (മശാഇർ) എന്നിവിടങ്ങളിൽ എത്തുന്ന ഇൻഫ്ലുവൻസർമാരും മാധ്യമപ്രവർത്തകരും തങ്ങളുടെ വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഹജ്ജ് കമ്പനികളുടെ വാണിജ്യ പരസ്യങ്ങളോ പ്രൊമോഷനുകളോ ചെയ്യുന്നത് പൂർണ്ണമായും വിലക്കി. ഈ നിയമങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുത്താൻ ഹജ്ജ് ഗ്രൂപ്പുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
