റിയാദ്: ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് സേവനങ്ങളും ഗാർഹിക തൊഴിലാളി വിതരണവും നടത്തിയ 10 വാണിജ്യ സ്ഥാപനങ്ങളെ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (Ministry of Human Resources and Social Development) കണ്ടെത്തി. മേഖലയിൽ നിയമലംഘനങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം നടത്തുന്ന തുടർച്ചയായ പരിശോധനകളിലാണ് ഈ ലംഘനങ്ങൾ വ്യക്തമായത്. വ്യക്തിഗത സ്ഥാപനങ്ങൾ, ജനറൽ സർവീസ് ഓഫീസുകൾ, വെബ്സൈറ്റുകളും ആപ്പുകളും വഴി സേവനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നേരിട്ടോ അല്ലാതെയോ അനധികൃതമായി റിക്രൂട്ട്മെന്റ് തൊഴിൽ സേവനങ്ങൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ നിയമനടപടികളും പിഴയും ചുമത്തി. നേരിട്ടുള്ള ഫീൽഡ് പരിശോധനകൾക്ക് പുറമെ സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയിലെ പരസ്യങ്ങൾ നിരീക്ഷിച്ചാണ് ലംഘനങ്ങൾ കണ്ടെത്തുന്നത്. ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ തവണ 2,00,000 റിയാലും (SR 200,000), രണ്ടാമത് ആവർത്തിച്ചാൽ 2,20,000 റിയാലും, മൂന്നാം തവണ 2,50,000 റിയാലും പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, സേവന കൈമാറ്റം, അംഗീകൃത സ്ഥാപനങ്ങളുടെ വിവരങ്ങൾ, സുരക്ഷിതമായ പേയ്മെന്റുകൾ എന്നിവയ്ക്കായി മന്ത്രാലയത്തിന്റെ ഏകീകൃത പ്ലാറ്റ്ഫോമായ ‘മുസാനിദ്’ (Musaned) മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അംഗീകൃത കരാറുകളിലൂടെയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെയും മാത്രം പണമിടപാടുകൾ നടത്തുന്നത് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുമെന്നും അനധികൃത ഇടനിലക്കാരുടെ ചതിക്കുഴികളിൽ നിന്ന് സംരക്ഷിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
