രോഗികളുടെ സ്വകാര്യത ലംഘിച്ച പ്രവാസി ശിശുരോഗ വിദഗ്ധനെതിരെ അന്വേഷണം
റിയാദ്: രോഗികളുടെ സ്വകാര്യത ലംഘിച്ചെന്ന പരാതിയിൽ പ്രവാസി ശിശുരോഗ വിദഗ്ധനെതിരെ അന്വേഷണം ആരംഭിച്ച് സൗദി അറേബ്യൻ ആരോഗ്യ മന്ത്രാലയം.
ആരോഗ്യ സേവനം നൽകുന്നതിനിടെ ഡോക്ടർ രോഗികളെ ചിത്രീകരിക്കുകയും അവരുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതായുള്ള റിപ്പോർട്ടുകൾ പ്രചരിച്ചതിനെ തുടർന്നാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. സൗദി മെഡിക്കൽ ജീവനക്കാരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളും ഡോക്ടർ നടത്തിയതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മന്ത്രാലയം ഇടപെടുകയും ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകനെ അന്വേഷണത്തിനായി വിളിച്ചുവരുത്തുകയും ചെയ്തു. രോഗികളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുക, രാജ്യത്തെ ആരോഗ്യ ചട്ടങ്ങളും നിയമങ്ങളും പ്രൊഫഷണൽ നൈതിക മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ മന്ത്രാലയത്തിന്റെ മേൽനോട്ട ചുമതലയുടെ ഭാഗമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഡോക്ടർ ജോലി ചെയ്യുന്ന ആരോഗ്യ സ്ഥാപനത്തിനെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. അതോടൊപ്പം, ആരോഗ്യപ്രവർത്തകനെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
രോഗികളുടെ സ്വകാര്യത ലംഘിക്കുന്നതോ അവരുടെ അന്തസ്സിന് ഹാനി വരുത്തുന്നതോ ആരോഗ്യ ചട്ടങ്ങളും പ്രൊഫഷണൽ നൈതികതയും ലംഘിക്കുന്നതോ ആയ ഏത് നടപടിക്കും നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ആരോഗ്യ സ്ഥാപനങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രവർത്തനം തുടർന്നും നിരീക്ഷിക്കുകയും ആരോഗ്യ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏതെങ്കിലും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 937 എന്ന ഏകീകൃത കോൾ സെന്റർ നമ്പറിൽ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇതിലൂടെ രോഗികളുടെയും ആരോഗ്യ സേവന ഗുണഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
