റിയാദ്: മാധ്യമ മേഖലയും സുരക്ഷാ മേഖലയും തമ്മിൽ വിശ്വാസം, കാര്യക്ഷമമായ ആശയവിനിമയം, പരസ്പര ഉത്തരവാദിത്തം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണൽ, സ്ഥാപനതല പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഒകാസ് ചീഫ് എഡിറ്ററും സൗദി ഗസറ്റ് സൂപ്പർവൈസർ ജനറലുമായ ജമീൽ അൽഥയാബി.
റിയാദിൽ ചൊവ്വാഴ്ച നടന്ന സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026 സമ്മേളനത്തിലെ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിലും പൊതുജന ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിലും മാധ്യമ-സുരക്ഷാ മേഖലകൾ നിർണായക പങ്കാളികളാണെന്ന് അൽഥയാബി പറഞ്ഞു.
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമ പ്ലാറ്റ്ഫോമുകളുടെ അതിവേഗ വളർച്ച വാർത്തകളും വിവരങ്ങളും വളരെ വേഗത്തിൽ ജനങ്ങളിലെത്തിക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, പ്രത്യേകിച്ച് പ്രതിസന്ധികളുടെയും സുരക്ഷാ സംഭവങ്ങളുടെയും സമയത്ത് അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും അതിവേഗം പ്രചരിക്കുന്നതും വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
ഇത്തരം സാഹചര്യത്തിൽ മാധ്യമ-സുരക്ഷാ മേഖലകൾ തമ്മിലുള്ള സഹകരണം പൊതുജന ബോധവൽക്കരണത്തിനും സ്ഥാപനങ്ങളിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധാരണകൾ തിരുത്തുക, അഭ്യൂഹങ്ങളെ പ്രതിരോധിക്കുക, ബോധവൽക്കരണ ക്യാമ്പയിനുകൾക്ക് പിന്തുണ നൽകുക തുടങ്ങിയവയിലൂടെ മാധ്യമങ്ങൾക്ക് സമൂഹസുരക്ഷയിൽ പ്രധാന പങ്കാളിയാകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന് വിശ്വസനീയവും വേഗത്തിൽ പ്രതികരിക്കുന്നതുമായ ഔദ്യോഗിക സ്രോതസ്സുകൾ മാധ്യമ സ്ഥാപനങ്ങൾക്ക് ആവശ്യമാണ്. സംഭവങ്ങൾ നടക്കുമ്പോൾ മാത്രം ആശയവിനിമയം നടത്തുന്നതിൽ നിന്ന് മാറി സ്ഥിരതയുള്ള സ്ഥാപനതല ബന്ധത്തിലേക്ക് ഇരു മേഖലകളും നീങ്ങണമെന്നും അൽഥയാബി ആവശ്യപ്പെട്ടു.
വേഗത്തിലുള്ള വാർത്തയും സുരക്ഷാ രഹസ്യങ്ങളും തമ്മിൽ സന്തുലനം വേണം
വിവരങ്ങൾ അതിവേഗം പുറത്തുവിടേണ്ട മാധ്യമങ്ങളുടെ ആവശ്യകതയും സുരക്ഷാ മേഖലയുടെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും തമ്മിൽ സന്തുലനം കണ്ടെത്തുന്നത് പ്രധാന വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ വിവരമറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിനൊപ്പം അന്വേഷണങ്ങളുടെയും സുരക്ഷാ നടപടികളുടെയും ഗൗരവവും രഹസ്യസ്വഭാവവും കാത്തുസൂക്ഷിക്കുന്ന സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധി ഘട്ടങ്ങളിൽ ഔദ്യോഗിക വിവരങ്ങൾ നിർണായകം
പ്രതിസന്ധികളും അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ മാധ്യമ-സുരക്ഷാ മേഖലകൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണം. ഇത്തരം ഘട്ടങ്ങളിൽ വിവരങ്ങൾക്കായുള്ള പൊതുജന ആവശ്യം വർധിക്കുകയും തെറ്റായ വാർത്തകൾ പ്രചരിക്കാനുള്ള സാധ്യത ഉയരുകയും ചെയ്യുന്നു.
വേഗത്തിലുള്ളതും വ്യക്തവും കൃത്യവുമായ ഔദ്യോഗിക വിവരങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ മാധ്യമ രംഗത്തെ നിയന്ത്രിക്കുന്നതിനും പൊതുജനങ്ങളെ ആശ്വസിപ്പിക്കുന്നതിനുമുള്ള പ്രധാന ഉപാധികളാണ്. ഔദ്യോഗിക വക്താക്കളും ഡിജിറ്റൽ ചാനലുകളും വഴി തുടർച്ചയായ വിവരങ്ങൾ നൽകുന്നത് ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്നും അൽഥയാബി പറഞ്ഞു.
അഭ്യൂഹങ്ങളെ നേരിടാൻ മുൻകരുതൽ ആശയവിനിമയം
സോഷ്യൽ മീഡിയയുടെ കാലത്ത് ഒരു ചിത്രം, വീഡിയോ അല്ലെങ്കിൽ വിവരം നിമിഷങ്ങൾക്കുള്ളിൽ ആരും പ്രസിദ്ധീകരിക്കാനാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഔദ്യോഗിക വിശദീകരണം പുറത്തുവരുന്നതിന് മുമ്പുതന്നെ തെറ്റായ വിവരങ്ങൾ വലിയ രീതിയിൽ പ്രചരിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാൽ അഭ്യൂഹങ്ങൾ പ്രചരിച്ചശേഷം പ്രതികരിക്കുന്ന രീതിക്ക് പകരം വിശ്വസനീയമായ വിവരങ്ങൾ മുൻകൂട്ടി നൽകുന്ന ‘പ്രോആക്ടീവ് കമ്മ്യൂണിക്കേഷൻ’ സംവിധാനം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ ഏജൻസികളും മാധ്യമ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങൾ പരിശോധിക്കുകയും തെറ്റായ വിവരങ്ങൾക്കെതിരെ വേഗത്തിൽ നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ വാർത്തകളിൽ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം
സുരക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ വലിയ പ്രൊഫഷണൽ ഉത്തരവാദിത്തം പുലർത്തണം. ഇരകളുടെ സ്വകാര്യത സംരക്ഷിക്കുക, അന്വേഷണങ്ങളിൽ ഇടപെടാതിരിക്കുക, വിവരങ്ങൾ സ്ഥിരീകരിച്ചശേഷം മാത്രം പ്രസിദ്ധീകരിക്കുക, സാമൂഹികമോ സുരക്ഷാപരമോ ആയ ദോഷങ്ങൾക്ക് കാരണമാകാവുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത വേണമെന്നും അൽഥയാബി വ്യക്തമാക്കി.
പൊതുജനങ്ങളുടെ അറിയാനുള്ള അവകാശവും പ്രൊഫഷണൽ, സുരക്ഷാ പരിഗണനകളും തമ്മിൽ സന്തുലനം പാലിച്ച് എന്ത് പ്രസിദ്ധീകരിക്കണം, എന്ത് ഒഴിവാക്കണം എന്നത് മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് ശേഷമുള്ള ആശയവിനിമയത്തിൽ നിന്ന് മുൻകൂട്ടിയുള്ള പങ്കാളിത്തത്തിലേക്ക്
മാധ്യമ-സുരക്ഷാ ബന്ധത്തിൽ അടിസ്ഥാനപരമായ മാറ്റം വേണമെന്ന് അൽഥയാബി ആവശ്യപ്പെട്ടു. സംഭവങ്ങൾ നടന്ന സമയത്തെ ആശയവിനിമയത്തിൽ മാത്രം ഒതുങ്ങാതെ സ്ഥിരമായ സ്ഥാപനതല പങ്കാളിത്തത്തിലേക്ക് ഇരു മേഖലകളും മാറണം.
ഇതിനായി സ്ഥിരം യോഗങ്ങൾ, സംയുക്ത പരിശീലന പരിപാടികൾ, നേരിട്ടുള്ള ആശയവിനിമയ സംവിധാനങ്ങൾ, സുരക്ഷാ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പ്രൊഫഷണൽ മാർഗനിർദേശങ്ങൾ, പ്രതിസന്ധി മാനേജ്മെന്റിനുള്ള വ്യക്തമായ ആശയവിനിമയ പദ്ധതികൾ എന്നിവ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര വിശ്വാസമാണ് അടിസ്ഥാനം
മാധ്യമ-സുരക്ഷാ മേഖലകൾ തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തത്തിന് പരസ്പര വിശ്വാസം അനിവാര്യമാണെന്ന് അൽഥയാബി വ്യക്തമാക്കി. കൃത്യത, വ്യക്തത, വേഗത്തിലുള്ള പ്രതികരണം, മാധ്യമ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനം എന്നിവ ഉറപ്പാക്കുന്നതിലൂടെയാണ് ഈ വിശ്വാസം വളർത്തേണ്ടത്. അതോടൊപ്പം സുരക്ഷാ, പ്രൊഫഷണൽ മാനദണ്ഡങ്ങളും പാലിക്കണം.
‘സ്രോതസ്സ്’, ‘ഇടനിലക്കാരൻ’ എന്ന പരമ്പരാഗത ബന്ധത്തിൽ നിന്ന് മാറി സംവാദം, പരിശീലനം, സഹകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിശാലമായ ബന്ധത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക വക്താക്കളും മാധ്യമപ്രവർത്തകരും തമ്മിൽ സ്ഥിരം കൂടിക്കാഴ്ചകൾ നടത്തുക, പ്രതിസന്ധി മാനേജ്മെന്റ്, സുരക്ഷാ വിഷയങ്ങളിലെ ഉത്തരവാദിത്തമുള്ള വാർത്താ പ്രസിദ്ധീകരണം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വിവരങ്ങളുടെ സ്ഥിരീകരണം എന്നിവ സംബന്ധിച്ച് സംയുക്ത ശിൽപശാലകൾ സംഘടിപ്പിക്കുക തുടങ്ങിയ നടപടികൾ ഇതിന് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമ-സുരക്ഷാ മേഖലകൾ തമ്മിലുള്ള വിശ്വാസം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം, വാർത്താ വേഗത, കൃത്യത, രഹസ്യസ്വഭാവം എന്നിവയ്ക്കിടയിൽ എങ്ങനെ സന്തുലനം ഉറപ്പാക്കാം, അഭ്യൂഹങ്ങളെയും തെറ്റായ വിവരങ്ങളെയും നേരിടാൻ ഏറ്റവും ഫലപ്രദമായ സംവിധാനങ്ങൾ ഏതൊക്കെയാണ്, താൽക്കാലിക ആശയവിനിമയത്തിൽ നിന്ന് സ്ഥിരമായ പങ്കാളിത്തത്തിലേക്ക് എങ്ങനെ മാറാം തുടങ്ങിയ ചോദ്യങ്ങളും അൽഥയാബി ഉന്നയിച്ചു.
വിവരങ്ങൾ കൈമാറുന്നതിന്റെ അളവ് മാത്രമല്ല, പൊതുജന വിശ്വാസം വളർത്താനും പൊതുതാൽപര്യം സംരക്ഷിക്കാനും കഴിയുന്നുണ്ടോ എന്നതായിരിക്കണം മാധ്യമ-സുരക്ഷാ ബന്ധത്തിന്റെ വിജയത്തിന്റെ മാനദണ്ഡമെന്ന് അദ്ദേഹം പറഞ്ഞു. സംഭവങ്ങൾക്ക് മുമ്പും സമയത്തും ശേഷവും വേഗത്തിലുള്ളതും വിശ്വസനീയവുമായ ആശയവിനിമയവും തുടർച്ചയായ ഏകോപനവും ഉറപ്പാക്കുന്ന ഇത്തരം പങ്കാളിത്തം പൊതുജന ബോധവൽക്കരണവും സമൂഹസുരക്ഷയും ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
