റിയാദ്: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കോ 35 കിലോഗ്രാമിൽ താഴെ ഭാരമുള്ളവർക്കോ ‘ഡൊംപെരിഡോൺ’ (Domperidone) എന്ന മരുന്ന് നൽകരുതെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) മുന്നറിയിപ്പ് നൽകി. മുതിർന്നവരിൽ ഛർദ്ദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനാണ് ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത്. കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചു ഉപയോഗിക്കുമ്പോൾ മാത്രമാണ് മരുന്നിന്റെ ഫലപ്രാപ്തി ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
മരുന്ന് കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും ഔഷധ ലഘുലേഖ (Patient Leaflet) വായിച്ചു മനസ്സിലാക്കേണ്ടതിന്റെയും ആവശ്യകത അതോറിറ്റി ഓർമ്മിപ്പിച്ചു. കൂടാതെ ഹൃദയസംബന്ധമായ എന്തെങ്കിലും രോഗങ്ങളുള്ളവർ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെയോ ഫാർമസിസ്റ്റിനെയോ വിവരം ധരിപ്പിക്കേണ്ടതുണ്ട്. ‘മോട്ടിലിയം’ (Motilium), ‘ഡോംപി’ (Dompy), ‘പ്രോകിനിൻ’ (Prokinin), ‘ആമിസ്റ്റോപ്പ്’ (Amistop), ‘മോഡോഡോം’ (Mododom) എന്നീ പ്രമുഖ ബ്രാൻഡ് നാമങ്ങളിലും ഈ മരുന്ന് ലഭ്യമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.
