ജാക്കാർത്ത: ഇന്തോനേഷ്യയിലെ ‘അനാക് ക്രാക്കത്തോ’ (Anak Krakatoa) അഗ്നിപർവ്വതം ശക്തമായി പുകഞ്ഞുതുടങ്ങിയതിനെ തുടർന്ന് തെക്കുകിഴക്കൻ ഏഷ്യൻ വ്യോമാതിർത്തിയിൽ വൻ ജാഗ്രതാ നിർദ്ദേശം. അന്തരീക്ഷത്തിൽ ഉയർന്ന കറുത്ത ചാരവും പുകയും (Volcanic ash) വിമാനങ്ങളുടെ സുരക്ഷിത ഗതാഗതത്തിന് ഭീഷണിയായതോടെ ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയം തലസ്ഥാനമായ ജാക്കാർത്തയിലെ സുക്കാർണോ-ഹാത്ത അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ 6 പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഇതോടെ 300-ലധികം വിമാന സർവ്വീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യേണ്ടിവരുകയും 22,000-ത്തിലധികം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങുകയും ചെയ്തു.
അടിയന്തര സാഹചര്യത്തെ തുടർന്ന് ഗാരുഡ ഇന്തോനേഷ്യയുമായുള്ള കൊഡാഷെയർ (Codeshare) സർവ്വീസായ സൗദിയയുടെ SV6119 (ജാക്കാർത്ത-ജിദ്ദ) വിമാന സർവ്വീസ് ഉൾപ്പെടെയുള്ള നിരവധിയായ അറബ്, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കി.
എമിറേറ്റ്സ്, ഖത്തർ എയർവേസ്, ഇത്തിഹാദ് തുടങ്ങിയ മുൻനിര അറബ് വിമാനക്കമ്പനികളും തങ്ങളുടെ ജാക്കാർത്ത സർവ്വീസുകൾ റദ്ദാക്കുകയോ മറ്റ് സുരക്ഷിത വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. കാറ്റിന്റെ ഗതി അനുസരിച്ച് വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ, വിദേശ നയതന്ത്ര കാര്യാലയങ്ങൾ തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാനും അഗ്നിപർവ്വത മേഖലകളിൽ നിന്ന് വിട്ടുനിൽക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
