റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് (വ്യാഴാഴ്ച) ശക്തമായ കാറ്റോടും ആലിപ്പഴ വർഷത്തോടും (Hailstorm) കൂടിയ ഇടത്തരം മുതൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. നജ്റാൻ, ജാസാൻ, അസീർ, അൽ ബാഹ, മക്കയുടെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. വെള്ളക്കെട്ടുകൾക്കും മലവെള്ളപ്പാച്ചിലിനും (Flash floods) സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.
മഴയോടൊപ്പം തന്നെ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, മദീന, തബൂക്ക് എന്നീ പ്രദേശങ്ങളിലെ തീരദേശ മേഖലകളിൽ കാറ്റും പൊടിപടലങ്ങളും കാഴ്ചപരിധി കുറയ്ക്കാൻ സാധ്യതയുണ്ട്. ചെങ്കടലിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും തിരമാലകൾ അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും സമാനമായ രീതിയിൽ അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ തിരമാലകൾ ഉയർന്നേക്കാം.
