തിരുവനന്തപുരം: ഇൻഡിഗോയുടെ വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാർ ഇനിയും പരിഹരിക്കപ്പെട്ടില്ല. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം തകരാറിലായതോടെ യാത്രക്കാർ ദുരിതത്തിലായി.
ബുധനാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്ന യാത്രക്കാർക്ക് “No Data Available” എന്ന സന്ദേശമാണ് ലഭിക്കുന്നത്. സാങ്കേതിക തകരാർ തുടരുന്നതിനാൽ ഓൺലൈൻ ബുക്കിങ് സംവിധാനത്തിന്റെ പ്രവർത്തനം ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്.
ഇതിനിടെ, ഡൽഹിയിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം വ്യാഴാഴ്ച ഏകദേശം മൂന്ന് മണിക്കൂറോളം വൈകിയതും യാത്രക്കാരെ വലച്ചു. ടാക്സിയിങ് ഘട്ടത്തിൽ എയർബസ് A320 വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് വിമാനം ബേയിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് യാത്രക്കാരുടെ വെളിപ്പെടുത്തൽ.
വിമാനം ആദ്യം ഏകദേശം 20 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. എന്നാൽ പുറപ്പെട്ട് അഞ്ച് മിനിറ്റിന് ശേഷം സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം വീണ്ടും ബേയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ടിയിരുന്ന 6E-6456 വിമാനം പുതിയ വിമാനവുമായി രാത്രി 8.28നാണ് മംഗളൂരുവിലേക്ക് പുറപ്പെട്ടതെന്ന് ലൈവ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ Flightradar24 വ്യക്തമാക്കുന്നു.
വെബ്സൈറ്റിലെ സാങ്കേതിക തകരാറിനൊപ്പം വിമാന സർവീസിലുണ്ടായ വൈകലും യാത്രക്കാരുടെ ദുരിതം വർധിപ്പിച്ചിരിക്കുകയാണ്.
