റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ ഇന്റർപ്രെറ്റർ/ട്രാൻസ്ലേറ്റർ തസ്തികയിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട യോഗ്യതകളും സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിന് തടസ്സമില്ലാത്ത സാധുവായ ഇഖാമയുമുള്ള പ്രവാസികൾക്കാണ് അവസരം. 7200 സൗദി റിയാലാണ് തസ്തികയുടെ പ്രതിമാസ ആരംഭ വേതനം. ഓഗസ്റ്റ് 29 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള അറബിക് ബിരുദവും (പഠനത്തിൽ ഇംഗ്ലീഷ് ഭാഷ നിർബന്ധ വിഷയം ആയിരിക്കണം) അഡ്വാൻസ്ഡ് ബിരുദവുമാണ് പ്രാഥമിക യോഗ്യത. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പ്രസക്തമായ സംസ്ഥാന സർക്കാർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ സാക്ഷ്യപ്പെടുത്തിയത് (Attested) ആയിരിക്കണം. ഇംഗ്ലീഷിൽ നിന്നും അറബിക്കിലേക്കും തിരിച്ചുമുള്ള തർജ്ജമ, കമ്പ്യൂട്ടർ പരിജ്ഞാനം, എഴുത്തിലും സംസാരത്തിലുമുള്ള ഭാഷാ വൈദഗ്ധ്യം എന്നിവ നിർബന്ധമാണ്. ഇംഗ്ലീഷ്-അറബിക് ട്രാൻസ്ലേറ്റർ അല്ലെങ്കിൽ ഇന്റർപ്രെറ്റർ ആയി മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകും. 2026 ഓഗസ്റ്റ് 1 അപേക്ഷിച്ച് ഉയർന്ന പ്രായപരിധി 45 വയസ്സാണ്.
ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച ശേഷം എഴുത്തുപരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷാ ഫോം, വിശദമായ സി.വി, പാസ്പോർട്ട്, ഇഖാമ, വിദ്യാഭ്യാസ-പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം adm.riyadh@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ഓഗസ്റ്റ് 29-ന് മുൻപായി അപേക്ഷിക്കേണ്ടതാണ്. ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ “Application for the post of Interpreter/Translator” എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
