ജിദ്ദ: ഈ വർഷം രണ്ടാം പാദത്തിൽ സൗദി വിദേശ മന്ത്രാലയം 68.8 ലക്ഷത്തിലേറെ വിസകൾ അനുവദിച്ചതായി കണക്ക്. വിസകൾ അനുവദിക്കുന്നതിലും പ്രോസസ്സ് ചെയ്യുന്നതിലും വിദേശ മന്ത്രാലയം ഉയർന്ന പ്രകടനം രേഖപ്പെടുത്തി. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ആകെ 68,83,006 വിസകളാണ് മന്ത്രാലയം അനുവദിച്ചത്. വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, രാജ്യത്തേക്കുള്ള വധിച്ചുവരുന്ന യാത്ര, കോൺസുലാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ വിജയം, വിനോദ, ടൂറിസം മേഖലാ നിക്ഷേപത്തിലെ തുടർച്ചയായ വളർച്ച എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു. മൊത്തം വിസകളിൽ പകുതിയിലധികവും ഇലക്ട്രോണിക് വിസ ഇളവുകളാണ്.
രണ്ടാം പാദത്തിൽ 34,52,057 ഇ-വിസകൾ (50.15 ശതമാനം) അനുവദിച്ചു.ഇത് ഡിജിറ്റൽ പരിഹാരങ്ങളുടെ വികാസത്തിനും സന്ദർശകരുടെ പ്രവേശന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും അടിവരയിടുന്നു. രണ്ടാം സ്ഥാനത്ത് ഹജ് വിസകളാണ്. 14,34,817 ഹജ് വിസകൾ മന്ത്രാലയം അനുവദിച്ചു. മൂന്നു മാസത്തിനിടെ അനുവദിച്ച വിസകളിൽ 20.85 ശതമാനം ഹജ് വിസകളാണ്. മൂന്നാം സ്ഥാനത്ത് ഉംറ വിസകളാണ്. രണ്ടാം പാദത്തിൽ 7,20,275 ഉംറ വിസകൾ അനുവദിച്ചു. ആകെ വിസകളിൽ 10.46 ശതമാനം ഉംറ വിസകളാണ്. തീർഥാടകരെ ഉയർന്ന കാര്യക്ഷമതയോടെ സേവിക്കാനുള്ള രാജ്യത്തിന്റെ തുടർച്ചയായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.തൊഴിൽ വിസകളാണ് നാലാം സ്ഥാനത്ത്. രണ്ടാം പാദത്തിൽ 4,96,230 തൊഴിൽ വിസകൾ അനുവദിച്ചു. ആകെ വിസകളിൽ 7.21 ശതമാനം തൊഴിൽ വിസകളാണ്. അഞ്ചാം സ്ഥാനത്ത് ടൂറിസ്റ്റ് വിസകളാണ്. മൂന്നു മാസത്തിനിടെ 4,49,535 ടൂറിസ്റ്റ് വിസകൾ (6.53 ശതമാനം) അനുവദിച്ചു. പ്രധാന പദ്ധതികളുടെയും അന്താരാഷ്ട്ര പരിപാടികളുടെയും പിന്തുണയോടെ, ടൂറിസ്റ്റ്, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ വർധിച്ചുവരുന്ന ആകർഷണീയതയെ ഇത് പ്രതിഫലിപ്പിക്കുന്നു. കുടുംബ സന്ദർശന (ഫാമിലി വിസിറ്റ്) വിസകളാണ് ആറാം സ്ഥാനത്ത്. ഇക്കാലയളവിൽ 1,42,688 ഫാമിലി വിസിറ്റ് വിസകൾ (2.07 ശതമാനം) അനുവദിച്ചു.ഏഴാം സ്ഥാനത്ത് ട്രാൻസിറ്റ് വിസകളാണ്. ആകെ 49,354 ട്രാൻസിറ്റ് വിസകൾ (0.72 ശതമാനം) അനുവദിച്ചു. എട്ടാമത് താമസ വിസകളാണ്. ഈ ഗണത്തിൽ പെട്ട 46,120 വിസകൾ (0.67 ശതമാനം) മൂന്നു മാസത്തിനിടെ അനുവദിച്ചു. ഒമ്പതാം സ്ഥാനത്ത്, ബിസിനസ് സന്ദർശന വിസകളാണ്. രണ്ടാം പാദത്തിൽ 33,961 ബിസിനസ് വിസിറ്റ് വിസകൾ (0.49 ശതമാനം) അനുവദിച്ചു.
പത്താം സ്ഥാനത്ത് ഹജ്, ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള താൽക്കാലിക തൊഴിൽ വിസകളാണ്. ഈ വിഭാഗത്തിൽ പെട്ട 31,680 വിസകൾ (0.46 ശതമാനം) രണ്ടാം പാദത്തിൽ അനുവദിച്ചു.സുരക്ഷാ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി രാജ്യത്തേക്ക് സന്ദർശകരുടെ പ്രവേശനം ക്രമീകരിക്കൽ, ഹജ്, ഉംറ തീർഥാടകർക്ക് സേവനം നൽകുകയും കർമ്മങ്ങൾ നിർവഹിക്കാൻ സഹായിക്കുകയും ചെയ്യൽ, അന്താരാഷ്ട്ര ടൂറിസത്തെ പിന്തുണക്കൽ, വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കൽ, നിക്ഷേപകരുടെയും ബിസിനസുകാരുടെയും പ്രവേശനം സുഗമമാക്കൽ, സാമ്പത്തിക പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തൽ, യോഗ്യരായ പ്രതിഭകളെയും തൊഴിലാളികളെയും പ്രാദേശിക തൊഴിൽ വിപണിയിലേക്ക് ആകർഷിക്കൽ,നയതന്ത്ര ബന്ധങ്ങളും അന്താരാഷ്ട്ര സഹകരണവും മെച്ചപ്പെടുത്തൽ, കുടുംബ സന്ദർശനം, വിദ്യാഭ്യാസം, മെഡിക്കൽ, മാനുഷിക സന്ദർശനങ്ങൾ സാധ്യമാക്കൽ എന്നീ പ്രധാനപ്പെട്ട ലക്ഷ്യങ്ങളോടെയാണ് വിസകൾ അനുവദിക്കുന്നത്.വിസ വിതരണത്തിന്റെ വിപുലീകരണം ദേശീയ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ടൂറിസം മേഖലയിൽ ധനവിനിയോഗം വർധിപ്പിക്കാനും വ്യോമയാനം, ഗതാഗതം, താമസം, റീട്ടെയിൽ മേഖലകളെ പിന്തുണക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നു. ആഗോള മത, വിനോദസഞ്ചാര, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഇത് വർധിപ്പിക്കുന്നു.
സുരക്ഷയുടെയും ഓർഗനൈസേഷന്റെയും ഉയർന്ന നിലവാരം നിലനിർത്തുന്നതിനൊപ്പം നടപടിക്രമങ്ങളുടെ സമയം കുറക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഇലക്ട്രോണിക് സേവനങ്ങൾ സഹായിക്കുന്നു.ഹജ് ഉംറ തീർഥാടകർ, വിനോദസഞ്ചാരികൾ, നിക്ഷേപകർ, ബിസിനസുകാർ, വിദഗ്ധ തൊഴിലാളികൾ, വിദ്യാർഥികൾ, രോഗികൾ, നയതന്ത്രജ്ഞർ, പ്രവാസികളുടെ കുടുംബങ്ങൾ, ലോകമെമ്പാടുമുള്ള സന്ദർശകർ എന്നിവർ അടക്കം വിവിധ വിഭാഗങ്ങൾക്ക് ഈ വിസകൾ പ്രയോജനം ചെയ്യുന്നു. ഇത് കോൺസുലാർ സേവനങ്ങളുടെ സമഗ്രതയെയും രാജ്യത്തിന്റെ വികസനത്തെ പിന്തുണക്കുന്നതിൽ അവയുടെ പങ്കിനെയും പ്രതിഫലിപ്പിക്കുന്നു.
