ജിദ്ദ: ഓഗസ്റ്റ് മാസത്തിൽ അറബ് ലോകത്തിന്റെ ആകാശത്ത് ക്ഷീരപഥം (Milky Way) ദൃശ്യമാകുമെന്ന് ജിദ്ദ അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. വെളിച്ച മലിനീകരണം (Light Pollution) കുറഞ്ഞ ഇരുണ്ട പ്രദേശങ്ങളിൽ നിന്ന് ഇത് നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിക്കും.
വരും ദിവസങ്ങളിൽ രാത്രികളിൽ ചന്ദ്രപ്രകാശം കുറവായിരിക്കുമെന്നതിനാൽ ആകാശഗംഗ കാണാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ജിദ്ദ അസ്ട്രോണമി സൊസൈറ്റി തലവൻ മാജിദ് അബു സഹ്റ പറഞ്ഞു.
നക്ഷത്രങ്ങളും വാതകങ്ങളും പ്രപഞ്ച ധൂളികളും നിറഞ്ഞ നമ്മുടെ ഗാലക്സിയുടെ (Galaxy) മധ്യഭാഗത്തിന്റെ കാഴ്ചയാണ് വേനൽക്കാല രാത്രികളിൽ ആകാശത്ത് തെളിഞ്ഞു കാണുകയെന്നും അദ്ദേഹം വ്യക്തമാക്കി.
