റിയാദ്: കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന 12 കുടിവെള്ള ബോട്ടിലിംഗ് പ്ലാൻ്റുകൾ സൗദി വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. നിയമലംഘനം നടത്തിയ പ്ലാൻ്റുകൾ ഉടനടി അടച്ചുപൂട്ടുകയും, ബന്ധപ്പെട്ട ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമായി കേസ് സുരക്ഷാ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
എട്ട് സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് വാണിജ്യ മന്ത്രാലയത്തിൻ്റെ പരിശോധനാ സംഘം നടത്തിയ റെയ്ഡിലാണ് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന നിയമലംഘനങ്ങൾ ഈ പ്ലാൻ്റുകളിൽ കണ്ടെത്തിയത്. എവിടെ നിന്നാണെന്ന് വ്യക്തമല്ലാത്ത സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം ഉത്പാദനത്തിനായി ഉപയോഗിക്കുക, പൊതു വാട്ടർ നെറ്റ്‌വർക്കിൽ നിന്ന് അനുമതിയില്ലാതെ വെള്ളം ചോർത്തുക, പ്രമുഖവും ലൈസൻസുള്ളതുമായ മറ്റ് കമ്പനികളുടെ ബ്രാൻഡ് പേരുകളിലുള്ള കാനുകളിലും കുപ്പികളിലും നിയമവിരുദ്ധമായി വെള്ളം നിറയ്ക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവിടെ നടന്നിരുന്നത്.
ബോട്ടിൽഡ് വാട്ടർ വിൽപ്പനയ്ക്കുള്ള റീട്ടെയ്ൽ ലൈസൻസിൻ്റെ മറവിലാണ് ഈ പ്ലാൻ്റുകൾ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ യഥാർത്ഥത്തിൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ നിബന്ധനകളോ പാലിക്കാതെ വൻതോതിലുള്ള ഉത്പാദനവും ബോട്ടിലിംഗും വിതരണവുമാണ് ഇവിടെ നടന്നിരുന്നത്.
ലൈസൻസില്ലാത്ത പ്രവർത്തനം, വാണിജ്യപരമായ ഒളിച്ചുകളി (ബിനാമി ബിസിനസ്സ്), ടാക്സ് ഇൻവോയ്സുകൾ നൽകാതിരിക്കൽ, തൊഴിൽ നിയമങ്ങളുടെ ലംഘനം, വാട്ടർ നെറ്റ്‌വർക്ക് നിബന്ധനകൾ കാറ്റിൽപ്പറത്തൽ തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
ജിദ്ദയിൽ വൻ റെയ്ഡ്; പൊതുജനാരോഗ്യത്തിന് ഭീഷണിയായ 12 അനധികൃത കുടിവെള്ള പ്ലാൻ്റുകൾ പൂട്ടിച്ച് സൗദി വാണിജ്യ മന്ത്രാലയം
















Leave a Reply