GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇറാൻ–ഇസ്രായിൽ സംഘർഷം കനക്കും; വ്യോമാതിർത്തികൾ അടച്ച് ഇറാനും ഇറാഖും സിറിയയും

തെഹ്റാൻ – ഇറാൻ ഇസ്രായിലിലേക്ക് മിസൈലുകൾ വിക്ഷേപിക്കുകയും ഇസ്രായിൽ ബെയ്റൂത്തിന്റെ പ്രാന്തപ്രദേശത്ത് വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തതിനെ തുടർന്ന് ഉടലെടുത്ത പുതിയ പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തിൽ ഇറാനും ഇറാഖും സിറിയയും തങ്ങളുടെ വ്യോമമേഖലകൾ മുൻകരുതലെന്നോണം അടച്ചു. ഏപ്രിൽ 8 ന് പ്രഖ്യാപിച്ച വെടിനിർത്തലിനുശേഷം ആദ്യമായി ഇറാൻ ഇസ്രായിലിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതിനെ തുടർന്ന്, തങ്ങളുടെ വ്യോമാതിർത്തി 72 മണിക്കൂർ നേരത്തേക്ക് അടച്ചിടുന്നതായി ഇറാഖ് പ്രഖ്യാപിച്ചു.

അതേസമയം, ഇറാഖി ഭൂപ്രദേശത്തോ വ്യോമാതിർത്തിയിലോ സിവിലിയൻ വിമാനം തകർന്നുവീണെന്ന റിപ്പോർട്ടുകൾ ഇറാഖി സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി ബാൻകിൻ റിക്കാനി നിഷേധിച്ചു. ഈ വിവരങ്ങൾ തെറ്റാണെന്നും ഇറാഖി വിമാനത്താവളങ്ങളിലെയും ഇറാഖി വ്യോമാതിർത്തിയിലെയും വ്യോമ ഗതാഗതം ബന്ധപ്പെട്ട വകുപ്പുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെ ന്നും അത്തരമൊരു സംഭവം രേഖപ്പെടുത്തിയിട്ടില്ലെന്നും റിക്കാനി പത്രക്കുറിപ്പിൽ പറഞ്ഞു.

വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൃത്യത പുലർത്താനും ശരിയായ വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും പൊതുജനങ്ങളുടെ ഉത്കണ്ഠക്കും ആശയക്കുഴപ്പത്തിനും കാരണമാകുന്ന കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഇറാഖി സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി മാധ്യമങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും ആവശ്യപ്പെട്ടു.

മറ്റൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ഇറാന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള വ്യോമാതിർത്തി അടച്ചു. സുരക്ഷാ വിലയിരുത്തലുകളെ തുടർന്ന്… രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള വ്യോമാതിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായി ഇറാൻ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. പടിഞ്ഞാറൻ ഇറാനിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരന്മാരോട് സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർഥിച്ചു. തെഹ്റാനിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിൽ ഒന്നായ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവെച്ചതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചതായി ഏജൻസി പറഞ്ഞു. ഫെബ്രുവരി 28 ന് ഇറാനിൽ ഇസ്രായിൽ-അമേരിക്കൻ ആക്രമണങ്ങളെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തെ തുടർന്ന് ആഴ്ചകളോളം അടച്ചിട്ട ഖുമൈനി വിമാനത്താവളം ഏപ്രിലിൽ വീണ്ടും തുറക്കുകയായിരുന്നു.

തങ്ങളുടെ വ്യോമാതിർത്തി 12 മണിക്കൂർ അടച്ചിടുമെന്ന് സിറിയ അറിയിച്ചു. ഞായറാഴ്ച രാത്രി 11:00 മുതൽ തിങ്കളാഴ്‌ച രാവിലെ 11:00 വരെ, അടച്ചുപൂട്ടൽ കാലയളവിൽ ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു. ഖത്തർ വ്യോമാതിർത്തി അടച്ചുപൂട്ടൽ, വിമാന സർവീസുകൾ നിർത്തിവെക്കൽ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അംഗീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങളും രീതികളും അനുസരിച്ച്, ഉയർന്ന സുരക്ഷയിലും കാര്യക്ഷമതയിലും വ്യോമഗതാഗത സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ ബദൽ വിമാന പാതകൾ നിർണയിക്കാനാണ് നിലവിലെ നോട്ടീസ് ടു എയർമെനിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, തങ്ങളുടെ വ്യോമാതിർത്തി സിവിലിയൻ വിമാന സർവീസുകൾക്കായി തുറന്നിടാൻ ഇസ്രായിൽ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!