കുവൈത്ത് സിറ്റി – കുവൈത്തിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസ അനുവദിക്കുന്നതിന് പുതിയ ഓൺലൈൻ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഇതോടൊപ്പം ഗാർഹിക തൊഴിലാളി വിസ ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുമുണ്ട്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായും ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ.ടി മേഖലയുമായും സഹകരിച്ചാണ് പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചിരിക്കുന്നത്.
ഇത് സ്വദേശികളും പ്രവാസികളെയും ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹിൽ വഴി ഗാർഹിക തൊഴിലാളി വിസാ സേവനങ്ങൾ ഓൺലൈനായി കൈകാര്യം ചെയ്യാൻ അനുവദിക്കുന്നു.
സർക്കാർ ഇടപാടുകൾ ഡിജിറ്റൈസ് ചെയ്യാനും റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും താമസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലളിതമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രാലയം പറഞ്ഞു. സർവീസ് സെന്ററുകൾ സന്ദർശിക്കാതെ തന്നെ വിസാ അപേക്ഷകൾ പൂർത്തിയാക്കാൻ പുതിയ പ്ലാറ്റ്ഫോം ഉപയോക്താക്കളെ അനുവദിക്കുന്നു. കാര്യക്ഷമത മെച്ചപ്പെടുത്താനും പ്രോസസ്സിംഗ് സമയം കുറക്കാനും ഇത് സഹായിക്കും.
വീട്ടുജോലിക്കാരുടെയും ഡ്രൈവർമാരുടെയും സ്പോൺസർഷിപ്പ് നിയന്ത്രിക്കുന്ന പരിഷ്കരിച്ച മാനദണ്ഡങ്ങളും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിംഗിളായി കഴിയുന്ന സ്ത്രീകൾക്ക് ഒരു വീട്ടുജോലിക്കാരിയെയും ഒരു ഡ്രൈവറെയും റിക്രൂട്ട് ചെയ്യാൻ ആവശ്യമായ വിസകൾ ലഭിക്കാൻ അർഹതയുണ്ട്. വിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ, കുട്ടികളുള്ള സ്ത്രീകൾക്കും ഒരു വീട്ടുജോലിക്കാരിയെയും ഒരു ഡ്രൈവറെയും റിക്രൂട്ട് ചെയ്യാവുന്നതാണ്.
കുടുംബങ്ങളുള്ള വിവാഹിതരോ, വിവാഹമോചിതരോ, ഭാര്യ മരണപ്പെട്ടവരോ ആയ പുരുഷന്മാർക്ക് പരമാവധി മൂന്ന് വീട്ടുജോലിക്കാരികളെയും ഒരു ഡ്രൈവറെയും റിക്രൂട്ട് ചെയ്യാൻ അർഹതയുണ്ട്. സിംഗിളായി കഴിയുന്ന പുരുഷന്മാർക്ക് ഒരു ഡ്രൈവറെ മാത്രം സ്പോൺസർ ചെയ്യാനാണ് അർഹതയുള്ളത്. ഗാർഹിക തൊഴിലാളി വിഭാഗങ്ങളെ മികച്ച രീതിയിൽ നിയന്ത്രിക്കുക, സേവനങ്ങളുടെ ന്യായമായ ഉപയോഗം ഉറപ്പാക്കുക, സർക്കാർ പ്ലാറ്റ്ഫോമുകളിലുടനീളം ഡിജിറ്റൽ ഭരണം ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ ഇനി ഓൺലൈനിൽ; യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കി



















Leave a Reply