GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്ധന വിലക്കയറ്റം; ആയിരത്തോളം വിമാന സർവീസുകൾ  റദ്ദാക്കാൻ ഒരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി- ആഗോളതലത്തിൽ വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. പ്രതിദിനം നൂറോളം വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കുന്നത്. ആഭ്യന്തര സർവീസുകൾക്കൊപ്പം പ്രധാന അന്താരാഷ്ട്ര സർവീസുകളെയും ഈ തീരുമാനം ബാധിക്കും. അടുത്ത കാലത്ത് എയർ ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ സർവീസ് വെട്ടിചുരുക്കലാണിത്. പ്രതിദിനം 1,100 സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. ഇതിന്റെ പത്തു ശതമാനമാണ് ഇപ്പോൾ നിർത്തലാക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരും.

യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളെയാണ് ഈ തീരുമാനം കാര്യമായി ബാധിക്കുക. ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ നിന്ന് ടൊറന്റോ, സാൻഫ്രാൻസിസ്കോ, സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്ന പട്ടികയിലുണ്ട്.

ജെറ്റ് ഫ്യുവൽ വിലയിലുണ്ടായ അനിയന്ത്രിതമായ വർധനവാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങാൻ എയർ ഇന്ത്യയെ പ്രേരിപ്പിച്ചത്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ മറ്റ് വിമാനക്കമ്പനികളും സമാനമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് മുന്നറിയിപ്പ് നൽകി. വിമാന ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലും വാറ്റിലും ഉടൻ കുറവ് വരുത്തണമെന്ന് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധന നികുതി കുറയ്ക്കാതെ സർവീസുകൾ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!