മക്ക- ഹജ് തീർഥാടകർക്ക് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നതിന് ‘നുസുക്’ കാർഡ് നിർബന്ധമാക്കി ഹജ്-ഉംറ മന്ത്രാലയം ഉത്തരവിറക്കി. ഹജ് കാലയളവിലുടനീളം തീർഥാടകർ കൈവശം വെക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക രേഖയാണിത്. മക്ക, വിശുദ്ധ ഹറം, മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും തീർഥാടകർക്ക് അനുവദിക്കപ്പെട്ട സേവന പാക്കേജുകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിനും ഈ കാർഡ് അത്യാവശ്യമാണ്.
തീർഥാടകർക്ക് സേവനം നൽകുന്ന ബന്ധപ്പെട്ട ഹജ് സർവീസ് കമ്പനികൾ വഴിയാണ് കാർഡുകൾ വിതരണം ചെയ്യുന്നത്. കാർഡ് നുസുക്, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി ഡിജിറ്റൽ രൂപത്തിലും ലഭ്യമാകും. കാർഡ് ലഭിക്കാത്ത തീർഥാടകർ എത്രയും വേഗം തങ്ങളുടെ സർവീസ് കമ്പനിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കുമായി പിൽഗ്രിംസ് കെയർ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. സൗദി അറേബ്യയ്ക്കുള്ളിൽ നിന്നുള്ളവർക്ക് 1966 എന്ന നമ്പറിലും, വിദേശത്തു നിന്നുള്ളവർക്ക് 00966920002814 എന്ന നമ്പറിലും ബന്ധപ്പെടാം. ഹജ് സീസണിൽ തീർഥാടകരുടെ യാത്രകൾ കൂടുതൽ സുഗമമാക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ ക്രമീകരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

















Leave a Reply