മദീന – മദീന പ്രവിശ്യ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള മദീന
ബസ് പ്രോജക്റ്റ്, റമദാൻ 26 ഞായറാഴ്‌ച മുതൽ ഏതാനും റൂട്ടുകളിലെ ബസ് സർവീസുകൾ ഷട്ടിൽ സർവീസുകളാക്കി മാറ്റിയതായി അറിയിച്ചു. വിശുദ്ധ റമദാനിലെ അവസാന ദിവസങ്ങളിൽ വിശ്വാസികളുടെയും സന്ദർശകരുടെയും എണ്ണം വർധിക്കുന്നത് കണക്കിലെടുത്താണിത്. 230, 231, 290, 291, 390, 391, 450, 490, 590 എന്നീ റൂട്ടുകളിലാണ് ഇന്ന് മുതൽ ഷട്ടിൽ സർവീസുകൾ ആരംഭിച്ചത്. വിശുദ്ധ മാസത്തിലെ അവസാന ദിവസങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ പൊതുഗതാഗത സംവിധാനത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഗതാഗത സേവനങ്ങളുടെ ശേഷി വർധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഈ റൂട്ടുകളിലെ സർവീസുകൾ ഷട്ടിൽ സർവീസുകളാക്കി മാറ്റുന്നത് പ്രവാചക മസ്ജിദിലേക്കും ഖുബാ പള്ളിയിലേക്കുമുള്ള വിശ്വാസികളുടെയും സന്ദർശകരുടെയും ചലനം സുഗമമാക്കുമെന്നും യാത്രക്കാരുടെ ഒഴുക്ക് ക്രമീകരിക്കുമെന്നും അതുവഴി മസ്‌ജിദുന്നബവിക്കടുത്ത പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും ഗതാഗതം മെച്ചപ്പെടുത്തുമെന്നും മദീന ബസ് പ്രൊജക്റ്റ് സൂചിപ്പിച്ചു. റൂട്ടുകളുടെയും സ്റ്റേഷനുകളുടെയും വിശദാംശങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ മദീന ബസ് പ്രോജക്റ്റ് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് മദീന ബസ് പ്രൊജക്റ്റ് ആഹ്വാനം ചെയ്തു.

















Leave a Reply