കുവൈത്ത് സിറ്റി – കുവൈത്തിലെ ഇറാൻ ആക്രമണങ്ങളോട് അനുഭാവം പുലർത്തിയതിന് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹത്തിൻ്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ ഗുരുതരമായ നിയമ ലംഘനങ്ങളിൽ ഏർപ്പെട്ടവരാണ് അറസ്റ്റിലായത്. രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാനും പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനും സ്വദേശികളിലും പ്രവാസികളിലും ഭയം പടർത്താനും ഇടയാക്കുന്ന നിലക്ക് ഇവർ നിയമവിരുദ്ധമായി വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായി മന്ത്രാലയം വിശദീകരിച്ചു.
ഭീകരവാദ സംഘടനകളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഉള്ളടക്കങ്ങൾ സ്വകാര്യ അക്കൗണ്ടുകളിലും സോഷ്യൽ മീഡിയയിലും പ്രസിദ്ധീകരിച്ചതിന് ക്രിമിനൽ സുരക്ഷാ വിഭാഗം ഏതാനും പേരെ വിജയകരമായി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ജോലിസ്ഥലങ്ങളും തങ്ങളുടെ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും നിയമം ലംഘിക്കാൻ ധൈര്യപ്പെടുന്ന ആരെയും പിന്തുടരുന്നത് അവസാനിപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും അവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം ക്രിമിനൽ പ്രവൃത്തികൾ ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിൻ്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന ആരെയും അനുവദിക്കില്ല. ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും സ്ഥിരീകരിക്കാത്ത വീഡിയോകൾ പങ്കിടുന്നതിൽ നിന്നോ വീണ്ടും പോസ്റ്റ് ചെയ്യുന്നതിൽ നിന്നോ വിട്ടുനിൽക്കുന്നതിലൂടെ ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകണമെന്നും കുവൈത്ത് പൗരന്മാരോടും പ്രവാസികളോടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും സുരക്ഷാ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് തടയാനും സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുമ്പോൾ അവരുടെ വീഡിയോകൾ ചിത്രീകരിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്നും മന്ത്രാലയം പറഞ്ഞു.
















Leave a Reply