ജിദ്ദ – മേഖലയിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് നേരിട്ട് തങ്ങളുടെ വിമാന കമ്പനികളുമായി ബന്ധപ്പെടാനും വിമാന സർവീസുകളുടെ സ്റ്റാറ്റസ് സ്ഥിരീകരിക്കാനും സൗദിയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങൾ യാത്രക്കാരോട് അഭ്യർഥിച്ചു. നിലവിലെ സംഭവങ്ങൾ ചില ലക്ഷ്യസ്ഥാനങ്ങളെ ബാധിച്ചിരിക്കുന്നതിനാൽ, തങ്ങളുടെ വിമാന സർവീസുകളെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ സ്ഥിരീകരിക്കുന്നതിന് വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് നേരിട്ട് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരോട് ആവശ്യപ്പെട്ടു.
കൃത്യമായ വിവരങ്ങൾക്കും ഏതെങ്കിലും അന്വേഷണങ്ങൾക്കുള്ള ഉത്തരങ്ങൾക്കുമായി യാത്രക്കാർ എയർലൈനുകളുടെയും വിമാനത്താവളത്തിൻ്റെയും ഔദ്യോഗിക ചാനലുകൾ പതിവായി പരിശോധിക്കണമെന്ന് വിമാനത്താവളം നിർദേശിച്ചു.
വിമാന സർവീസുകളെയും വ്യോമ ഗതാഗതത്തെയും കുറിച്ചുള്ള അപ്ഡേറ്റുകൾക്കായി വിശ്വസനീയമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജിദ്ദ കിംഗ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം പറഞ്ഞു. എല്ലാ യാത്രക്കാരുടെയും ധാരണക്കും സഹകരണത്തിനും ജിദ്ദ എയർപോർട്ട് അഡ്‌മിനിസ്ട്രേഷൻ നന്ദി പറഞ്ഞു. എല്ലാവർക്കും സുരക്ഷ ആശംസിച്ചു. ഈ അലേർട്ടിൻ്റെ ഉദ്ദേശ്യം സുഗമമായ യാത്രാനുഭവം ഉറപ്പാക്കുകയും യാത്രക്കാർക്ക് ഉയർന്ന തലത്തിലുള്ള സുഖവും മനസ്സമാധാനവും നൽകുകയുമാണെന്ന് ജിദ്ദ എയർപോർട്ട് വ്യക്തമാക്കി.
നിലവിലെ സംഭവങ്ങൾ ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് തങ്ങളുടെ വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകൾ സ്ഥിരീകരിക്കുന്നതിന് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് റിയാദ് എയർപോർട്ട് അഭ്യർഥിച്ചു. കൃത്യമായ വിവരങ്ങൾ ലഭിക്കാനും അന്വേഷണങ്ങൾക്ക് ഉത്തരം ലഭിക്കാനും എയർലൈനുകളുടെയും വിമാനത്താവളത്തിൻ്റെയും ഔദ്യോഗിക ചാനലുകൾ പിന്തുടണം. യാത്രക്കാരുടെ സുഖം ഉറപ്പാക്കാനാണ് ഈ നടപടികൾ സ്വീകരിക്കുന്നതെന്ന് റിയാദ് എയർപോർട്ട് ചൂണ്ടിക്കാട്ടി.
ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ അൽഹസ അന്താരാഷ്ട്ര വിമാനത്താവളം വഴിയോ ഖൈസൂമ ഇൻ്റർനാഷണൽ എയർപോർട്ട് വഴിയോ യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് തങ്ങളുടെ വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകൾ സ്ഥിരീകരിക്കാൻ എയർലൈനുകളെ നേരിട്ട് ബന്ധപ്പെടണമെന്ന് കിംഗ് ഫഹദ് എയർപോർട്ട് നിർദേശിച്ചു.
കൃത്യമായ വിവരങ്ങൾ ലഭിക്കാനും അന്വേഷണങ്ങൾക്ക് ഉത്തരം ലഭിക്കാനും എയർലൈനുകളുടെയും വിമാനത്താവളത്തിൻ്റെയും ഔദ്യോഗിക ചാനലുകൾ പിന്തുടരേണ്ടതിൻ്റെ പ്രാധാന്യം ദമാം എയർപോർട്ട് ഊന്നിപ്പറഞ്ഞു. ഇറാനെതിരായ യു.എസ്-ഇസ്രായിൽ ആക്രമണത്തെ തുടർന്ന് ഏതാനും രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തികൾ അടച്ചുപൂട്ടിയിട്ടുണ്ട്.


















Leave a Reply