റിയാദ്: സൗദി അറേബ്യയിലെ വിവിധ മേഖലകൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ അപലപിച്ച് ഇറ്റലി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി ഫോണിൽ സംസാരിച്ച ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, സൗദിയോടുള്ള ഐക്യദാർഢ്യവും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾക്കുള്ള പിന്തുണയും അറിയിച്ചു.
സൗദിയിൽ കഴിയുന്ന വിദേശികളുടെ, പ്രത്യേകിച്ച് ഇറ്റാലിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സൗദി അധികൃതർ നടത്തുന്ന ശ്രമങ്ങൾക്കും തജാനി നന്ദി രേഖപ്പെടുത്തി.
പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങളും ഹോർമുസ് കടലിടുക്ക്, ബാബുൽ മന്ദബ് കടലിടുക്ക് എന്നിവിടങ്ങളിലെ സമുദ്രഗതാഗതത്തിന്റെ സുരക്ഷയും സ്വതന്ത്രമായ സഞ്ചാരവും ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് നിലനിർത്തുന്നതിനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നടപടികളും ചർച്ചയിൽ വിഷയമായി.
