റിയാദ്: റിയാദ് സീസണിന്റെ ഭാഗമായി നടത്താനിരുന്ന മൂന്നാമത് അന്താരാഷ്ട്ര ‘സിക്സ് കിങ്സ് സ്ലാം’ ടെന്നീസ് ടൂർണമെന്റ് ഡിസംബറിലേക്ക് മാറ്റി. ഒക്ടോബർ 21, 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് ഡിസംബർ 27 മുതൽ 30 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റിന്റെ സംഘാടന–ലോജിസ്റ്റിക് വെല്ലുവിളികൾ വിലയിരുത്തിയ ശേഷമാണ് തീയതി മാറ്റാനുള്ള തീരുമാനമെന്ന് റിയാദ് സീസൺ വ്യക്തമാക്കി. പരിപാടിയുടെ നിലവാരവും കാണികളുടെ അനുഭവവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അറിയിച്ചു.
ടൂർണമെന്റിനായി താൽപര്യം പ്രകടിപ്പിച്ച കളിക്കാർക്കും പങ്കാളികൾക്കും സൗദിയിലെയും വിദേശത്തെയും ടെന്നീസ് ആരാധകർക്കും സംഘാടകർ നന്ദി അറിയിച്ചു. പുതുക്കിയ തീയതികളിൽ മികച്ച കായികാനുഭവം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണെന്നും വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് എഹ്തിമാം സെന്ററിന്റെ ഏകീകൃത നമ്പറായ 8001282222 വഴിയോ Ehtemam.sa വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാം.
