GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സിറിയയിലെ ഇസ്രായേൽ ഇടപെടലുകളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

ജിദ്ദ – ഇസ്രായില്‍ ആക്രമണം അടക്കം സിറിയയിലെ എല്ലാ വൈദേശിക ഇടപെടലുകളും നിരാകരിക്കുന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാട് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ വ്യക്തമാക്കി. സിറിയയിലുടനീളം സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ സിറിയന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. സിറിയക്കെതിരായ ഇസ്രായിലിന്റെ ആക്രമണങ്ങള്‍ സമഗ്രമായ ഒത്തുതീര്‍പ്പിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായി സിറിയയിലെ ഇസ്രായില്‍ ആക്രമണങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു.


സിറിയക്കെതിരായ ഇസ്രായില്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണം. സിറിയയില്‍ ഐക്യവും സുരക്ഷയും കൈവരിക്കാന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഅ് സ്വീകരിച്ച നടപടികളെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്ര സമൂഹം സിറിയക്കൊപ്പം നില്‍ക്കണമെന്നും അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു.
അതേസമയം, സിറിയക്കെതിരായ ഇസ്രായില്‍ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയുമായി ഫോണില്‍ ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.


സിറിയക്കെതിരായ ഇസ്രായില്‍ ആക്രമണങ്ങളെയും സിറിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇസ്രായില്‍ നടത്തുന്ന ഇടപെടലുകളെയും സൗദി അറേബ്യ അപലപിക്കുന്നതായി മന്ത്രി വ്യക്തമാക്കി. സിറിയയുടെ സ്വാതന്ത്ര്യവും പരമാധികാരവും മാനിക്കണം. സിറിയക്കെതിരായ ഇസ്രായില്‍ ആക്രമണങ്ങള്‍ തടയണം. ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനവും സുരക്ഷയും കൈവരിക്കാനും രാജ്യത്തുടനീളം നിയമവാഴ്ച വ്യാപിപ്പിക്കാനുള്ള സിറിയന്‍ സര്‍ക്കാരിന്റെ നടപടികളെ പിന്തുണക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണ്. സിറിയയുടെ സുരക്ഷക്കും സ്ഥിരതക്കും പിന്തുണ നല്‍കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെ സൗദി വിദേശ മന്ത്രി പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!