GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അടുത്ത ഹജ് സീസണിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കണമെന്ന് ആഭ്യന്തര മന്ത്രി

മക്ക – ബന്ധപ്പെട്ട വകുപ്പുകള്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതികളും ശക്തമായ സംഘാടനവും കുറ്റമറ്റ ക്രമീകരണങ്ങളുമാണ് ഇത്തവണത്തെ ഹജ് എല്ലാ അര്‍ഥത്തിലും പൂര്‍ണ വിജയമാക്കി മാറ്റാന്‍ സഹായിച്ചതെന്ന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. ഹജ് പദ്ധതി നടപ്പാക്കുന്നതില്‍ പങ്കാളിത്തം വഹിച്ച ആഭ്യന്തര മന്ത്രാലയം, ദേശീയ സുരക്ഷാ ഏജന്‍സി, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, രഹസ്യാന്വേഷണ ഏജന്‍സി, ഹജ് സുരക്ഷാ സേന എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ മക്കയില്‍ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.


തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പെരുന്നാള്‍ ആശംസകളും ഹജ് ദൗത്യം വിജയകരമായി പൂര്‍ത്തിയായതിലുള്ള ആശംസകളും ആഭ്യന്തര മന്ത്രി ഹജ് പദ്ധതി നടപ്പാക്കുന്നതില്‍ പങ്കാളിത്തം വഹിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.

നേരത്തെയുള്ള ആസൂത്രണം, ഫലപ്രദമായ നടപ്പാക്കല്‍, തുടര്‍ച്ചയായ മേല്‍നോട്ടം, സാങ്കേതികവിദ്യയുടെ ഏറ്റവും മികച്ച ഉപയോഗം, തീര്‍ഥാടകരുടെയും ഹജ് മിഷനുകളുടെയും സഹകരണവും അവബോധവും എന്നിവ വിജയകരമായ ഹജ് സംഘാടനത്തിന് സഹായിച്ചു. വംശ, വര്‍ണ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ മുഴുവന്‍ തീര്‍ഥാടകര്‍ക്കും സേവനങ്ങള്‍ നല്‍കുന്നതില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അവരുടെ പങ്ക് നിറവേറ്റി. സുരക്ഷാ സൈനികര്‍ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി. ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ഹാജിമാര്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കി. മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ വളരെ കാര്യക്ഷമമായ പൊതു സേവനങ്ങളും നല്‍കി. ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുക്കുന്ന സുരക്ഷാ, സൈനിക വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണ്. സേവനത്തിന്റെ ബഹുമതി മനസ്സിലാക്കിയും ദേശീയവും മതപരവുമായ ഉത്തരവാദിത്തബോധം ഉള്‍ക്കൊണ്ടും വിവിധ സുരക്ഷാ വകുപ്പുകള്‍ ഒറ്റ ടീമായി പ്രവര്‍ത്തിക്കുകയും ആത്മാര്‍ഥതയും സമര്‍പ്പണവും പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത ഹജ് സീസണിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കണമെന്ന് ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു.


ഹജ് സുരക്ഷാ പദ്ധതികള്‍ ലക്ഷ്യങ്ങള്‍ കൈവരിച്ചതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. ഹജ് സീസണ്‍ അവസാനിക്കുന്നതു വരെയും തീര്‍ഥാടകര്‍ അവരുടെ രാജ്യങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതു വരെയും സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നത് ഹജ് സുരക്ഷാ സേന തുടര്‍ന്നും നിരീക്ഷിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവി പറഞ്ഞു.


ആക്ടിംഗ് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ് രാജകുമാരന്‍, ദേശീയ സുരക്ഷാ സേന മേധാവി അബ്ദുല്‍ അസീസ് അല്‍ഹുവൈരിനി, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, ഉന്നത പണ്ഡിതസഭാംഗവും സ്ഥിരം ഫത്വ കമ്മിറ്റി അംഗവുമായ ശൈഖ് ഡോ. അബ്ദുസ്സലാം അല്‍സുലൈമാന്‍, ഓപ്പറേഷന്‍സ് കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ സഈദ് അല്‍ഖഹ്താനി, ദേശീയ സുരക്ഷാ ഏജന്‍സി ഉപമേധാവി അബ്ദുല്ല അല്‍ഉവൈസ്, ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അല്‍ഫാലിഹ്, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ബതാല്‍, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍മുഹന്ന എന്നിവരും വിവിധ സുരക്ഷാ, സൈനിക വിഭാഗങ്ങളുടെ മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!