GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി അറേബ്യ; ഇന്ത്യ, പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ നയതന്ത്രശ്രമങ്ങളുമായി രംഗത്ത്

ജിദ്ദ – പാക്കിസ്ഥാനുമായും ഇന്ത്യയുമായും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക ബന്ധം നിലനിര്‍ത്തുന്ന സൗദി അറേബ്യ ഇന്ത്യ, പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ നയതന്ത്രശ്രമങ്ങളുമായി രംഗത്ത്. സൗദി ഭരണാധികാരികളുടെ നിര്‍ദേശാനുസരണം സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ ന്യൂദല്‍ഹിയും ഇസ്‌ലാമാബാദും സന്ദര്‍ശിച്ച് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി ചര്‍ച്ച നടത്തി. സംഘര്‍ഷം ലഘൂകരിക്കാനും നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാനും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വിദേശകാര്യ സഹമന്ത്രി ഇന്ത്യയും പാക്കിസ്ഥാനും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയതെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


വ്യാഴാഴ്ച ഇസ്‌ലാമാബാദില്‍ ആദില്‍ അല്‍ജുബൈറിനെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സ്വീകരിച്ചു. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നിലവിലെ സംഭവവികാസങ്ങളും സംഘര്‍ഷങ്ങളും ഇരുവരും വിശകലനം ചെയ്തു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോടും ഷഹബാസ് ഷെരീഫ് നന്ദി പ്രകടിപ്പിച്ചതായും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ സാഹോദര്യ ബന്ധങ്ങളെ വിലമതിക്കുന്നതായും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഏറ്റവും പുതിയ സൗദി ജോലി അവസരങ്ങൾ ലഭിക്കാൻ ക്ലിക്ക് ചെയ്യുക


ആദില്‍ അല്‍ജുബൈര്‍ ബുധനാഴ്ച ന്യൂദല്‍ഹിയില്‍ വെച്ച് ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ ഇന്ത്യന്‍ വിദേശ മന്ത്രി പറഞ്ഞു. ഏപ്രില്‍ 25 ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായും പാക്കിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും ഫോണില്‍ ബന്ധപ്പെട്ട് പ്രാദേശിക സംഭവവികാസങ്ങളും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്നതിലും അതിര്‍ത്തി പ്രദേശങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പിലും ഏപ്രില്‍ 30 ന് സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിരിമുറുക്കങ്ങള്‍ കുറക്കണമെന്നും സ്ഥിതിഗതികള്‍ വഷളാകുന്നത് ഒഴിവാക്കണമെന്നും നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും നല്ല അയല്‍പക്ക തത്വങ്ങളെ മാനിക്കണമെന്നും തങ്ങളുടെ ജനങ്ങളുടെയും മേഖലയിലെ ജനങ്ങളുടെയും പ്രയോജനത്തിനായി സ്ഥിരതയും സമാധാനവും കൈവരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും ഇന്ത്യയോടും പാക്കിസ്ഥാനോടും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!