GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സൗദി അറേബ്യയില്‍ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്‌സ്യല്‍ റജിസ്ട്രേഷൻ മതിയെന്ന് വ്യവസായ വാണിജ്യമന്ത്രാലയം

റിയാദ്- വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സൗദി അറേബ്യയില്‍ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (സി.ആര്‍) മതിയെന്ന് വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വിവിധ പ്രവിശ്യകളെ കേന്ദ്രീകരിച്ച് എടുത്ത എല്ലാ ഉപ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കാന്‍സല്‍ ചെയ്യാനോ അല്ലെങ്കില്‍ ഉടമസ്ഥാവകാശം മാറ്റാനോ ഉടമകള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം അനുവദിച്ചു.

വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ലോകനിലവാരത്തിലുള്ള ഏറ്റവും മികച്ച സൗകര്യമെന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവരെ സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്ഥാപനങ്ങള്‍ തുറക്കണമെങ്കില്‍ വാണിജ്യമന്ത്രാലയത്തില്‍ നിന്ന് പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമായിരുന്നു. ഇതുകാരണം ഒരേ പേരിലുള്ള സ്ഥാപനത്തിന് വിവിധ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ എടുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സൗദി അറേബ്യ എന്ന് മാത്രമേ ഉണ്ടാവുകയുളളൂ. നഗരങ്ങളുടെയോ പ്രവിശ്യകളുടെയോ പേരുകള്‍ ഉണ്ടാവില്ല. അതിനാല്‍ നിലവിലെ മാസ്റ്റര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒഴികെയുള്ള മറ്റു ബ്രാഞ്ച് രജിസ്‌ട്രേഷനുകള്‍ കാന്‍സല്‍ ചെയ്യണമെന്ന് മന്ത്രാലയം വ്യാപാരികളോട് ആവശ്യപ്പെട്ടു.

സൗദി പൗരന്മാര്‍ക്കും വിദേശനിക്ഷേപകര്‍ക്കും സൗദി കമ്പനികള്‍ക്കും ഒരു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റെടുത്ത് സൗദിയില്‍ എവിടെയും ഏത് ബിസിനസും ചെയ്യാന്‍ ഇനി മുതല്‍ സാധിക്കും. പ്രത്യേക ബിസിനസിന് പ്രത്യേക രജിസ്‌ട്രേഷന്‍ എന്ന നിബന്ധനയും പിന്‍വലിച്ചിട്ടുണ്ട്. ഇതുവരെ അഞ്ച് വര്‍ഷം വരെ പണം നല്‍കി പുതുക്കാവുന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനാണ് ഉണ്ടായിരുന്നത്. പുതിയ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് പ്രത്യേക കാലാവധി ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. പകരം എല്ലാ വര്‍ഷവും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. ഓരോ സ്ഥാപനത്തിനും രജിസ്‌ട്രേഷനുമായി ബന്ധിപ്പിച്ച സ്വന്തം ബാങ്ക് എകൗണ്ടും നിര്‍ബന്ധമാണ്. നിലവില്‍ ബ്രാഞ്ച് രജിസ്‌ട്രേഷനുകളെടുത്തവര്‍ക്ക് അത് കാന്‍സല്‍ ചെയ്യാനും അല്ലെങ്കില്‍ ഉടമസ്ഥാവകാശം മാറ്റാനുമായി അഞ്ച് വര്‍ഷത്തെ സമയപരിധി അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!