GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് വേതന സുരക്ഷാ സേവനം

റിയാദ്: സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് വേതന സുരക്ഷാ സേവനം കൂടുതൽ വിപുലമാക്കാൻ തീരുമാനം. ഗാർഹിക തൊഴിലാളി മേഖല വികസിപ്പിക്കുന്നതിലും തൊഴിലുടമയുടെയും വീട്ടുജോലിക്കാരൻ്റെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലാണ് വേതന സംരക്ഷണ സേവനം ആരംഭിക്കുന്നത്.

നിലവിലെ കരാറുകൾക്ക് അനുസൃതമായി വേതന സംരക്ഷണം ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ശമ്പളം നൽകുന്ന പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനും വേതനം നൽകുന്നത് സുഗമമാക്കാനും ഈ സേവനം ലക്ഷ്യമിടുന്നു. “Musaned” പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ശമ്പളം നൽകേണ്ടത്. ഇതോടെ വേതനം കൈമാറുന്നതിൻ്റെ സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കാനാകുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു.

പുതിയ കരാറുകൾക്ക് കീഴിൽ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് 2024 ജൂലൈ 1 മുതൽ ഈ സേവനം ബാധകമാകും. നിലവിലുള്ള കരാറുകളെ സംബന്ധിച്ചിടത്തോളം, ഓരോ തൊഴിലുടമയുടെയും ഗാർഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടം ഘട്ടമായി ഇക്കാര്യം നടപ്പാക്കണം. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് സേവനം ഉടൻ ബാധകമാക്കും. 2025 ജനുവരി 1-ന്, മൂന്നോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകൾക്ക്, 2025 ജൂലൈ 1-ന് ഇത് ബാധകമാകും, അതേസമയം രണ്ടോ അതിലധികമോ തൊഴിലാളികൾ ഉള്ളവർക്ക് 2025 ഒക്ടോബർ 1-നാണ് സേവനം ബാധകമാകുക. 2026 ജനുവരി 1-നകം എല്ലാ വീട്ടുജോലിക്കാരെയും ഈ സേവനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം.

ഈ സേവനം 2022 ഏപ്രിൽ 1 മുതൽ “Musaned” പ്ലാറ്റ്‌ഫോം വഴി ലഭ്യമാണ്. ഇത് കൂടുതൽ വ്യാപിപ്പിക്കാനാണ് സമയക്രമം നിശ്ചയിച്ചത്.

ബാങ്ക് അടക്കമുള്ള ഔദ്യോഗിക വഴികളിലൂടെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകുന്നത് തൊഴിലുടമയ്ക്ക് നിരവധി സൗകര്യങ്ങൾ ലഭ്യമാകും. തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും. ഇരുവർക്കുമിടയിൽ തർക്കമുണ്ടായാൽ ഇരുകൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഇതുവഴി സാധിക്കുമെന്ന് മാനവശേഷി മന്ത്രാലയം കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!