തുറൈഫ്: സൗദി അറേബ്യയിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആദ്യ കാറ്റാടി ടർബൈൻ 2017 ജനുവരിയിൽ സൗദി അരാംകോ ഉദ്ഘാടനം ചെയ്തത് വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിലായിരുന്നു. രാജ്യത്ത് പുനരുപയോഗ ഊർജസ്രോതസ്സുകൾ പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ആദ്യകാല സുപ്രധാന പദ്ധതികളിലൊന്നായിരുന്നു ഇത്.
അരാംകോയുടെ പെട്രോളിയം ഉൽപ്പന്ന വിതരണ കേന്ദ്രത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. നാല് സ്ഥലങ്ങൾ പരിശോധിച്ച ശേഷമാണ് കാറ്റിന്റെ ലഭ്യത, ഗതാഗത സൗകര്യം, വൈദ്യുതി ശൃംഖലയുമായുള്ള ബന്ധം എന്നിവ പരിഗണിച്ച് തുറൈഫിനെ തിരഞ്ഞെടുത്തത്.
2.75 മെഗാവാട്ടാണ് കാറ്റാടി ടർബൈനിന്റെ പരമാവധി വൈദ്യുതി ഉൽപ്പാദന ശേഷി. ഏകദേശം 250 വീടുകളുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ഇതിലൂടെ സാധിക്കുമെന്നാണ് ഉദ്ഘാടന സമയത്ത് അരാംകോ കണക്കാക്കിയിരുന്നത്.
പരമ്പരാഗത ഊർജസ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രതിവർഷം ഏകദേശം 19,000 ബാരൽ എണ്ണയ്ക്ക് തുല്യമായ ഊർജം ലാഭിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് കമ്പനി വിലയിരുത്തിയിരുന്നു.
85 മീറ്റർ ഉയരമുള്ള ടവറിലാണ് ടർബൈൻ സ്ഥാപിച്ചിരിക്കുന്നത്. 120 മീറ്ററാണ് കറങ്ങുന്ന ബ്ലേഡുകൾ ഉൾപ്പെടുന്ന റോട്ടറിന്റെ വ്യാസം. ബ്ലേഡുകളുടെ അഗ്രഭാഗം പരമാവധി 145 മീറ്റർ ഉയരത്തിലെത്തും. മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയെ അതിജീവിക്കാൻ അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ടർബൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അരാംകോയുടെ തുറൈഫിലെ പെട്രോളിയം ഉൽപ്പന്ന വിതരണ കേന്ദ്രത്തിന്റെ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്ന ടർബൈൻ, കേന്ദ്രത്തിന്റെ മുഴുവൻ വൈദ്യുതി ആവശ്യവും നിറവേറ്റുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പ്രധാന വൈദ്യുതി ഗ്രിഡിലേക്ക് നൽകാനും പദ്ധതിയിൽ സംവിധാനമൊരുക്കിയിട്ടുണ്ട്.
